ഇസ്ലാമാബാദ്: അവിശ്വാസ പ്രമേയത്തെ നേരിടാൻ സജ്ജനാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജിവെയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇമ്രാന് എതിരായ അവിശ്വാസ പ്രമേയം ചർച്ച ചെയ്യാൻ വ്യാഴാഴ്ച വൈകിട്ട് ചേർന്ന നാഷണൽ അസംബ്ലി പിരിഞ്ഞതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ചിലയാളുകൾ തന്നോടു പറഞ്ഞു, രാജിവെക്കാൻ. താൻ എന്തിന് രാജിവെക്കണമെന്ന് അദ്ദേഹം ചോദിച്ചു. 20 വർഷം ക്രിക്കറ്റ് കളിച്ചയാളാണ് താൻ. എല്ലാവർക്കും അറിയാം അവസാന പന്തുവരെ താൻ പോരാടുമെന്ന്. ജീവിതത്തിൽ ഒരിക്കലും പരാജയത്തിന് വഴങ്ങിയിട്ടില്ല. താൻ വീട്ടിലിരിക്കുമെന്ന് ആരും കരുതണ്ട. അവിശ്വാസ പ്രമേയ വോട്ടെടുപ്പിന്റെ ഫലം എന്തുതന്നെ ആണെങ്കിലും കൂടുതൽ നിശ്ചയദാർഢ്യത്തോടെ താൻ തിരികെവരുമെന്നും അദ്ദേഹം അറിയിച്ചു.
പാകിസ്താൻ അതിന്റെ ചരിത്രത്തിലെ നിർണായക ഘട്ടത്തിൽ എത്തിച്ചേർന്നിരിക്കുന്നു. ഈശ്വരൻ എല്ലാം തന്നതിൽ താൻ ഭാഗ്യവാനാണ്. പ്രശസ്തി, സമ്പത്ത് അങ്ങനെ എല്ലാം തനിക്ക് ദൈവം തന്നു. ഇന്ന് തനിക്കൊന്നും വേണ്ട, ദൈവം എനിക്ക് എല്ലാം തന്നു. അതിന് ദൈവത്തോട് നന്ദിയുള്ളവനാണ് ഞാൻ. എന്നേക്കാൾ വെറും അഞ്ചു വയസ്സുമാത്രം മുതിർന്നതാണ് പാകിസ്താൻ. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ജനിച്ച ആദ്യതലമുറയിൽപ്പെട്ടയാളാണ് താനെന്നും അദ്ദേഹം വിശദമാക്കി.
പാകിസ്താന്റെ ഉയർച്ചകളും താഴ്ചകളും കണ്ടയാളാണ് താൻ. പാകിസ്താൻ മോഡലിനെ ആളുകൾ ഉദാഹരണമായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇന്ന് തന്റെ രാജ്യം വിശ്വസിക്കാനാവാത്തവണ്ണം അപമാനിക്കപ്പെട്ടിരിക്കുന്നതായി തനിക്ക് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

