തിരുവനന്തപുരം: ഐടി പാർക്കുകളിലെ ബാർ ലൈസൻസ് അനുവദിക്കുക ഐടി കമ്പനികളുടെ ക്ലബുകൾക്ക്. ഇതിനായി അബ്കാരി ചട്ടഭേദഗതിക്കായി എക്‌സൈസ് കമ്മീഷണർ കരട് ശുപാർശ സമർപ്പിച്ചു. അതേസമയം, വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കാനുള്ള ലൈസൻസ് കർഷക സഹകരണ സംഘങ്ങൾക്കാകും നൽകുക.
പുതിയ മദ്യനയത്തിലെ പ്രധാന നിർദ്ദേശങ്ങൾ ഐടി പാർക്കുകൾക്കുള്ള ബാർ ലൈസൻസും പഴ വർഗങ്ങളിൽ നിന്നുള്ള മദ്യ ഉത്പാദനവുമായിരുന്നു. ഐടി പാർക്കിലെ കമ്പനി രൂപീകരിക്കുന്ന ക്ലബിനോ വിവിധ കമ്പനികൾ ചേർന്നുള്ള കൺസോർഷ്യം രൂപീകരിക്കുന്ന ക്ലബിനോ ലൈസൻസ് അനുവദിക്കണമെന്നാണ് എക്‌സൈസ് കമ്മീഷണർ നൽകിയിരിക്കുന്ന ശുപാർശ.
ഒരു ഐടി പാർക്കിൽ എത്ര കമ്പനികൾക്ക് ലൈസൻസ് നൽകാമെന്നതിൽ സർക്കാരിന്റെ നയപരമായ തീരുമാനം ഇനിയും വരേണ്ടതുണ്ട്. ഇക്കാര്യം കൂടി ഉൾപ്പെടുത്തിയുള്ള ചട്ട ഭേദഗതിയാണ് ഉടൻ നിലവിൽ വരുന്നത്. ബാറിലേക്കുള്ള പ്രവേശന അനുമത ക്ലബ് അംഗങ്ങൾക്കും അതിഥികൾക്കും മാത്രമായിരിക്കും. 20 ലക്ഷമാണ് ക്ലബ് ലൈസൻസ് ഫീസ്. ഐടി പാർക്കിലെ ക്ലബുകൾക്കുള്ള ലൈസൻസ് ഫീസിനെ കുറിച്ചും ചട്ടഭേദഗതിയിൽ വ്യക്തമാക്കും.
മദ്യ ഉൽപ്പാദനത്തിനുള്ള പഴ വർഗങ്ങൾ സംഘങ്ങൾ കേരളത്തിൽ നിന്നു തന്നെ ഉത്പ്പാദിക്കുയോ കർഷകരിൽ നിന്നും വാങ്ങിയ ചെയ്യണമെന്നും നിർദ്ദേശമുണ്ട്.

