തിരുവനന്തപുരം: ബസ്, ഓട്ടോ, ടാക്‌സി വാഹനങ്ങളുടെ പുതിയ നിരക്ക് വർധന സംബന്ധിച്ച ഉത്തരവിറങ്ങാൻ ഒരാഴ്ച്ചയാകും. ഫെയർ സ്റ്റേജ് ഉൾപ്പടെ നിശ്ചയിച്ച ശേഷമെ ഉത്തരവിറങ്ങൂവെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. ഓർഡിനറി ഫാസ്റ്റ് സൂപ്പർ ഫാസ്റ്റ് ബസുകളുടെ ഫയർ സ്റ്റേജുകൾ പ്രത്യേകം നിശ്ചയിക്കണം. ഇടതുമുന്നണി അംഗീകരിച്ച നിരക്ക് വർധന അനുസരിച്ച് വകുപ്പ് ഫെയർ സ്റ്റേജ് നിശ്ചയിക്കാൻ ഒരാഴ്ചയോളം സമയം എടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇന്ധനവില, സ്‌പെയർ പാർട്ട്‌സ് വില, ഇൻഷുറൻസ് പ്രീമിയം തുടങ്ങിയവയിലുണ്ടായ വർദ്ധനവും കോവിഡ് സൃഷ്ടിച്ച പ്രത്യാഘാതവും ഗതാഗത മേഖലയിൽ ഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിൽ ബസ്, ഓട്ടോ-ടാക്‌സി ചാർജ്ജ് വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചുവെന്ന് കഴിഞ്ഞ ദിവസമാണ് ഗതാഗത മന്ത്രി ആന്റണി രാജു പ്രഖ്യാപിച്ചത്. ചാർജ്ജ് വർദ്ധന സംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ചാർജ്ജ് വർദ്ധന. ബസ്സുകളുടെ മിനിമം ചാർജ് 8 രൂപയിൽ നിന്ന് 10 രൂപയായും കിലോമീറ്ററിന് 90 പൈസയിൽ നിന്ന് ഒരു രൂപയായും വർധിപ്പിക്കും. വിദ്യാർഥികളുടെ നിരക്ക് സംബന്ധിച്ച് പഠിക്കാൻ കമ്മീഷനെ നിയോഗിക്കും. കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഓട്ടോറിക്ഷകൾക്ക് രണ്ട് കിലോമീറ്റർ വരെ മിനിമം ചാർജ് 30 രൂപയായും തുടർന്നുള്ള ഒരോ കിലോമീറ്ററിനും 15 രൂപയുമായിരിക്കും. ട്രൈസൈക്കിളിന് രണ്ട് കിലോമീറ്റർ വരെ 35 രൂപയും തുടർന്നുള്ള ഒരോ കിലോമീറ്ററിനും 15 രൂപയുമായിരിക്കും. 1500 സിസിയിൽ താഴെയുള്ള ടാക്‌സി കാറുകൾക്ക് 5 കിലോമീറ്റർ വരെ മിനിമം ചാർജ് 200 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 18 രൂപയുമായിരിക്കും. 1500 സിസിക്ക് അധികമുള്ള ടാക്‌സി കാറുകൾക്ക് 5 കിലോമീറ്റർ വരെ മിനിമം ചാർജ് 225 രൂപയും, തുടർന്നുള്ള ഓരോ കിലോമീറ്ററിനും 20 രൂപയുമായിരിക്കും.വെയ്റ്റിംഗ് ചാർജ്ജ് രാത്രിയാത്ര തുടങ്ങിയ വിഷയങ്ങളിൽ നിലവിലുള്ള സ്ഥിതി തുടരുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

