ഐപിഎല്‍ 2023-27 സീസണുകളുടെ സംപ്രേഷണാവകാശത്തിനായി മുടക്കേണ്ടത് 32,890 കോടി രൂപ. ഒടിടി, ടെലിവിഷന്‍ സംപ്രേഷണങ്ങള്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളില്‍ പെട്ട മത്സരങ്ങള്‍ നാല് ബണ്ടിലുകളായാവും സംപ്രേഷണാവകാശം നല്‍കുക. ഓരോ ബണ്ടിലും ഓരോ കമ്പനികളാവും സ്വന്തമാക്കുക. ഈ നാല് ബണ്ടിലുകള്‍ക്കും കൂടിയാണ് 32,890 കോടി രൂപ ബിസിസിഐക്ക് ലഭിക്കുക. ജൂണ്‍ 12നാണ് സംപ്രേഷണാവകാശത്തിനുള്ള ലേലം നടക്കുക.
ഇന്ത്യാ വന്‍കരയിലെ സംപ്രേഷണാവകാശമാണ് ബണ്ടില്‍ എയില്‍ ഉള്ളത്. ഓരോ മത്സരത്തിനും 49 കോടി രൂപ വച്ച് ആകെ 18,130 കോടി രൂപയാണ് ഈ ബണ്ടിലിനായി മുടക്കേണ്ടത്. ഡിജിറ്റല്‍ സംപ്രേഷണാവകാശത്തിനായി ഒരു മത്സരത്തിന് 33 കോടി രൂപ വച്ച് ആകെ 12,210 കോടി രൂപ നല്‍കണം. ബണ്ടില്‍ സിയില്‍ 18 മത്സരങ്ങളുണ്ട്. ഓപ്പണിംഗ് മത്സരങ്ങള്‍, നാല് പ്ലേ ഓഫ് മത്സരങ്ങള്‍, ഡബിള്‍ ഹെഡറുകളിലെ രാത്രി മത്സരങ്ങള്‍ എന്നിവയ്ക്കായി ആകെ 1440 കോടി രൂപയാണ് തുക. ഇത് ഒടിടിയ്ക്ക് മാത്രമേ ലഭിക്കൂ. ബണ്ടില്‍ ഡിയിലുള്ളത് ലോകത്തിന്റെ മറ്റിടങ്ങളിലെ സംപ്രേഷണാവകാശമാണ്. ഇതിനായി ഒരു മത്സരത്തിന് 3 കോടി രൂപ വച്ച് 1110 കോടി രൂപ മുടക്കണം. ഇന്ത്യക്ക് പുറത്ത് ടെലിവിഷന്‍, ഡിജിറ്റല്‍ അവകാശങ്ങള്‍ ഉള്ളവര്‍ക്കേ ഇത് നല്‍കൂ.

