ചിലയിടങ്ങളിൽ ആശങ്ക; മദ്യനയത്തിൽ നിലപാട് വ്യക്തമാക്കി ജോസ് കെ മാണി

തിരുവനന്തപുരം: മദ്യനയത്തിൽ നിലപാട് വ്യക്തമാക്കി കേരള കോൺഗ്രസ് അദ്ധ്യക്ഷൻ ജോസ് കെ മാണി. ചിലയിടങ്ങളിൽ ആശങ്കയുണ്ടെന്നും അത് തിരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് പുതിയ മദ്യനയം നിലവിൽ വന്ന സാഹചര്യത്തിലാണ് ജോസ് കെ മാണി നിലപാട് വ്യക്തമാക്കിയത്.

കെ റെയിൽ പദ്ധതിയെ കുറിച്ചും അദ്ദേഹം നിലപാട് അറിയിച്ചു. കെ റെയിൽ വിഷയത്തിൽ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ജനങ്ങളെ വിശ്വാസത്തിൽ എടുത്തു മാത്രമേ മുന്നോട്ടു പോകൂ. ചിലയിടങ്ങളിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമം നടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുതിയ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതൽ മദ്യശാലകൾ തുറക്കാൻ തീരുമാനമായി. സൈനിക- അർദ്ധ സൈനിക ക്യാന്റീനുകളിൽ നിന്നുമുള്ള മദ്യത്തിന് വില വർധിക്കുകയും ചെയ്യും. ബാറുകളുടെ വിവിധ ഫീസുകളും വർദ്ധിപ്പിച്ചു. ഐടി പാർക്കുകളിൽ ബിയർ, വൈൻ പാർലറുകൾക്ക് ലൈസൻസ് അനുവദിക്കും. ബ്രുവറി ലൈസൻസും നിലവിൽ വരും.

പഴവർഗങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനും തീരുമാനമായി. ഒന്നാം തീയതി ഡ്രൈ ഡേയായി തന്നെ തുടരും. മദ്യശാലകളിൽ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ ഔട്ട്ലെറ്റുകൾ തുറക്കുന്നത്. പൂട്ടിയ ഷോപ്പുകൾ പ്രീമിയം ഷോപ്പുകളാക്കി പുനരാരംഭിക്കും.