മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ പുറത്താക്കി തുടക്കക്കാരായ ലക്നൗ സൂപ്പര്‍ ജയന്റ്സ്. 19.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ സൂപ്പര്‍ ജയന്റ്സ്, ചെന്നൈ ഉയര്‍ത്തിയ 211 എന്ന വിജയലക്ഷ്യത്തില്‍ എത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് എടുത്തിരുന്നു. ചെന്നൈയ്ക്ക് വേണ്ടി റോബിന്‍ ഉത്തപ്പയും ശിവം ദുബെയും മികച്ച പ്രകടനമാണ് നടത്തിയത്. ആദ്യ അഞ്ചോവറില്‍ 57 റണ്‍സാണ് ചെന്നൈ നേടിയത്. അതില്‍ 44 റണ്‍സും ഉത്തപ്പയാണ് സ്‌കോര്‍ ചെയ്തത്. 27 പന്തുകളില്‍ നിന്ന് എട്ട് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 50 റണ്‍സാണ് ഉത്തപ്പ എടുത്തത്.
ലക്നൗവിന് വേണ്ടി കെ എല്‍ രാഹുലും ക്വിന്റണ്‍ ഡി കോക്കും കളിച്ച് മുന്നേറി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലക്നൗവിന് മികച്ച തുടക്കമാണ് ലഭിച്ചത്. രാഹുലും ഡി കോക്കും ചേര്‍ന്ന് തകര്‍ത്താടി. 26 ബോളില്‍ മൂന്ന് സിക്സും രണ്ട് ബൗണ്ടറിയും പറത്തിക്കൊണ്ട് രാഹുല്‍ 40 റണ്‍സ് എടുത്തപ്പോള്‍ ഡി കോക്ക് 45 ബോളില്‍ 61 റണ്‍സ് എടുത്തു. എന്നാല്‍, മനീഷ് പാണ്ഡെയ്ക്ക് അഞ്ച് റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. എവിന്‍ ലെവിസാണ് താരങ്ങള്‍ക്ക് പ്രചോദനം നല്‍കിക്കൊണ്ട് അവസാനം വരെ നിന്ന് ബാറ്റ് ചെയ്തത്. 23 പന്തില്‍ മൂന്ന് സിക്സും ആറ് ബൗണ്ടറിയും ഉള്‍പ്പെടെ 55 റണ്‍സാണ് ലെവിസ് എടുത്തത്. ആയുഷ് ബദോനി 9 ബോളില്‍ രണ്ട് സിക്സിന്റെ അകമ്ബടിയോടെ 19 റണ്‍സ് എടുത്തു.

