എല്ലുകളുടെ ആരോഗ്യം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ….

പ്രായം കൂടുന്നതിന് അനുസരിച്ച് പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാനിടയുണ്ട്. ഇതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നങ്ങളിലൊന്നാണ് എല്ലുകളിലെ തേയ്മാനം. എല്ലുകളുടെ ആരോഗ്യത്തിന് അവശ്യം വേണ്ടുന്ന രണ്ട് ഘടകങ്ങളാണ് വൈറ്റമിൻ-ഡിയും, കാത്സ്യവും. ഇവ രണ്ടും അളവിന് ശരീരത്തിലെത്തേണ്ടതുണ്ട്. ഭക്ഷണത്തിലൂടെയാണ് ഇവ ശരീരത്തിലെത്തേണ്ടത്. അതിനാൽ ഇവ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം. ദിവസവും അൽപനേരമെങ്കിലും സൂര്യപ്രകാശമേൽക്കുന്നത് പ്രകൃതിദത്തമായി വൈറ്റമിൻ-ഡി ലഭിക്കാൻ സഹായിക്കും. അതുപോലെ യോഗർട്ട്, സോയ, കൊഴുപ്പുള്ള മത്സ്യം, പാൽ പോലുള്ള പദാർത്ഥങ്ങളിലൂടെ കാത്സ്യവും കണ്ടെത്താം.

വ്യായാമവും എല്ലുകളുടെ ആരോഗ്യത്തെ സ്വാധീനിക്കുന്ന ഘടകമാണ്. ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരിൽ എല്ലുകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പല പ്രശ്നങ്ങളും ഉണ്ടാകാനിടയുണ്ട്. ഇതിനെല്ലാം വ്യായാമം പരിഹാരമാണ്. വീട്ടിൽ വച്ച് ചെയ്യാവുന്ന വ്യായാമം തന്നെ ധാരാളമാണ്. അതല്ലെങ്കിൽ ജിമ്മിലോ മറ്റോ ചേർന്ന് ചെറിയ വർക്കൗട്ട് ചെയ്യാം. കായികമായ ജോലി ചെയ്യുന്നവർക്കാണെങ്കിൽ ഇതിന് പുറമെ വ്യായാമം ആവശ്യമില്ല. അമിതമായ അളവിൽ ‘കഫീൻ’ കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കാം. അതിനാൽ ‘കഫീൻ’ പരിമിതപ്പെടുത്തുക. കാപ്പി, ‘കഫീൻ’ അടങ്ങിയ സോഡ, മറ്റ് പാനീയങ്ങൾ എന്നിവയെല്ലാം നിയന്ത്രിച്ച് മാത്രം കുടിക്കണം.

ഉപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്തുന്നതും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കും. കാത്സ്യത്തെ എല്ലുകളുടെ ആവശ്യത്തിന് ഉപകരിക്കാത്ത വിധം പ്രവർത്തിക്കാൻ ഉപ്പിന് കഴിയും. ഉപ്പ് നിയന്ത്രിക്കണമെന്ന് പറയുന്നതിന്റെ കാരണമിതാണ്.