അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെയുള്ള വധഗൂഢാലോചന കേസ്; സിബിഐ അന്വേഷണം വേണ്ടെന്ന് സർക്കാർ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് സി ബി ഐ യ്ക്ക് കൈമാറേണ്ടെന്ന് ഹൈക്കോടതിയെ അറിയിച്ച് സർക്കാർ. അന്വേഷണത്തിൽ ആർക്കും പരാതി ഇല്ലെന്നും തുറന്ന മനസോടെ ആണ് അന്വേഷണം നടക്കുന്നതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. അന്വേഷണം നിഷ്പക്ഷവുമാണ്. അന്വേഷണത്തിലെ കാലതാമസം എഫ് ഐ ആർ റദ്ദാക്കാനുള്ള കാരണമല്ലെന്നും ഈ സാഹചര്യത്തിൽ അന്വേഷണ ഏജൻസിയെ മാറ്റണം എന്ന് ആവശ്യപ്പെടാൻ കഴിയില്ലെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു.

ദിലീപിനെതിരെ കൃത്യമായി തെളിവുകളുണ്ടെന്നും ബാലചന്ദ്ര കുമാറിന്റെ മൊഴിയടക്കം ഇക്കാര്യം സ്ഥിരീകരിക്കുന്നതാണെന്നും കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചിരുന്നു. അതേസമയം, വധഗൂഢാലോചനക്കേസിന്റെ പേരിൽ പോലീസ് തന്നെ പീഡിപ്പിക്കുന്നുവെന്നാണ് ദിലീപ് ആരോപിക്കുന്നത്. കേസിന്റെ പേരിൽ പല തവണ വീട്ടിൽ റെയ്ഡ് നടന്നുവെന്നും കുടുംബാംഗങ്ങളെയടക്കം പ്രതികളാക്കി ക്രൈംബ്രാഞ്ച് കള്ളക്കഥകൾ മെനയുകയാണെന്നും ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ രേഖകൾ ചോർന്നതുമായി ബന്ധപ്പെട്ട അന്വേഷണം കോടതി ജീവനക്കാരിലേക്കും നീളുകയാണ്. ദിലീപിന്റെ ഫോണിൽ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകൾ വീണ്ടെടുത്തതിനെ തുടർന്നാണ് കോടതി ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. ജീവനക്കാരെ ചോദ്യം ചെയ്യാനായി വിചാരണ കോടതിയുടെ അനുമതി തേടാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.