കെ-റെയില്‍: കത്തോലിക്കാ സഭക്ക് സര്‍ക്കാരുമായി സംസാരിക്കാന്‍ അകലമില്ല; ആശങ്കയുണ്ടെങ്കില്‍ പരിഹരിക്കും: റോഷി അഗസ്റ്റിന്‍

സംസ്ഥാനത്തെ കെ-റെയില്‍ പ്രതിഷേധം ആളിക്കത്തിക്കൊണ്ടിരിക്കെ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മന്ത്രി റോഷി അഗസ്റ്റിന്‍ രംഗത്ത്. പദ്ധതിയുമായി ബന്ധപ്പെട്ട് കത്തോലിക്ക സഭക്ക് ആശങ്കയുണ്ടെങ്കില്‍ പരിഹരിക്കും എന്ന് മന്ത്രി പറഞ്ഞു. കെ-റെയില്‍ വിഷയവുമായി ബന്ധപ്പെട്ട് വേണ്ടി വന്നാല്‍ ബിഷപ്പുമാരെ നേരിട്ട് കാണും. കത്തോലിക്കാ സഭ കെ-റെയില്‍ പദ്ധതിക്ക് എതിരാണെന്ന് കരുതുന്നില്ല. പദ്ധതിയുമായി ബന്ധപ്പെട്ട് പൊതു സമൂഹത്തില്‍ ചര്‍ച്ച നടക്കുന്നുണ്ട്. എന്നാല്‍, കെസിബിസിക്ക് സര്‍ക്കാരുമായി സംസാരിക്കാന്‍ യാതൊരു അകലവുമില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

കത്തോലിക്കാ സഭയും സര്‍ക്കാരും തമ്മില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടക്കണം എന്നുണ്ടെങ്കില്‍ ആരും മുന്‍കൈയെടുക്കേണ്ട കാര്യമില്ല. സഭയും സര്‍ക്കാരും തമ്മിലുള്ള ദൃഢതയുള്ള പാലമാണ് കേരള കോണ്‍ഗ്രസ് എന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. നേരത്തെ എല്ലാവരുടെയും ആശങ്ക പരിഹരിച്ച് കെ-റെയില്‍ നടപ്പാക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി റോഷി അഗസ്റ്റിനും നിലപാട് വ്യക്തമാക്കിയത്.

കേരള കോണ്‍ഗ്രസിന് കത്തോലിക്കാ സഭയില്‍ ഉള്ള സ്വാധീനം വളരെ പ്രധാനപ്പെട്ടതാണ്. കോട്ടയം ജില്ലയിലടക്കം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞത് കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ എത്തിയതുകൊണ്ട് കൂടിയായിരുന്നു.