സംസ്ഥാനത്ത് കുടിവെള്ള നിരക്ക് വർധിക്കുന്നു; വെള്ളിയാഴ്ച് മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കുടിവെള്ള നിരക്ക് വർധിക്കുന്നു. വെള്ളിയാഴ്ച മുതൽ കുടിവെള്ളത്തിന് അടിസ്ഥാന നിരക്കിൽ അഞ്ച് ശതമാനം വർധനവാണുണ്ടാകുക. ഗാർഹിക ഉപഭോക്താക്കൾ 1000 ലിറ്ററിന് 4 രൂപ 41 പൈസയാകും ഇനി മുതൽ നൽകേണ്ടത്. 4 രൂപ 20 പൈസയാണ് നിലവിൽ കുടിവെള്ളത്തിന്റെ നിരക്ക്.

ഗാർഹിക, ഗാർഹികേതര, വ്യാവസായിക കണക്ഷനുകളിലെ എല്ലാ സ്ലാബുകളിലും അഞ്ച് ശതമാനം വർധനവാണ് ജല അതോറിറ്റി വരുത്തുന്നത്. ഇതോടെ 5000 ലിറ്റർ വരെ വെള്ളത്തിന് മിനിമം നിരക്ക് 22.05 രൂപയാകും. 5000 ലിറ്റർ വെള്ളത്തിന് 21 രൂപയാണ് നിലവിൽ നൽകുന്നത്. പ്രതിമാസം പതിനായിരം ലിറ്ററിന് മുകളിൽ ഉപയോഗിക്കുന്നതിന് ഏഴ് സ്ലാബ് അടിസ്ഥാനമാക്കി ബില്ലിൽ അഞ്ച് ശതമാനം വർധനവുണ്ടാകും. ആയിരം ലിറ്ററിന് 5.51 പൈസ മുതൽ 15 രൂപ 44 പൈസ വരെയാണ് വർധിക്കുക.

അതേസമയം, പ്രതിമാസം 15,000 ലിറ്റർ വരെ ഉപയോഗിക്കുന്ന ബിപിഎൽ കുടുംബങ്ങൾക്കുള്ള സൗജന്യം തുടരും. ഗാർഹികേതര ഉപഭോക്താക്കൾക്ക് ആയിരം ലിറ്ററിന് 15 രൂപ 75 പൈസയായിരുന്നത് 16 രൂപ 54 രൂപയായി വർധിക്കും. വ്യാവസായിക കണക്ഷനുകൾക്ക് ആയിരം ലിറ്ററിന് 44.10 രൂപയാണ് പുതിയ നിരക്ക്.