ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സമിതിയെ നിയോഗിച്ചവര്‍: പൃഥ്വിരാജ്‌

കൊച്ചി: ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കമ്മീഷനെ നിയോഗിച്ചവരാണെന്ന നിലപാടുമായി നടന്‍ പൃഥ്വിരാജ്.

പൃഥ്വിരാജിന്റെ വാക്കുകള്‍

‘ലൂസിഫര്‍ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ഹേമ കമ്മീഷന്‍ സെറ്റ് വിസിറ്റ് ചെയ്യുകയും എന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തതാണ്. ആ റിപ്പോര്‍ട്ട് എന്തു കൊണ്ടു പുറത്തുവിടുന്നില്ല, ആര്‍ക്കാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അധികാരം എന്നൊന്നും എനിക്ക് അറിയില്ല. റിപ്പോര്‍ട്ട് പുറത്തു വിടുന്നതില്‍ തീരുമാനമെടുക്കേണ്ടത് അതുമായി ബന്ധപ്പെട്ടവര്‍ തന്നെയാണ്. എന്തിന് വേണ്ടിയാണോ ഹേമ കമ്മീഷനെ നിയോഗിച്ചതും ഇതേക്കുറിച്ചത് പഠിച്ചതും? ആ ഉദ്ദേശം നിറവേറ്റപ്പെടണം എന്നാണ് എന്റെ ആഗ്രഹം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യതയോടെ ജോലി ചെയ്യാന്‍ സാധിക്കുന്ന ഒരു തൊഴിലിടമായി സിനിമ മാറണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.’

അതേസമയം, റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ പല വിഗ്രഹങ്ങളും ഉടയുമെന്ന് നടി പാര്‍വതി തിരുവോത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ സ്ത്രീസൗഹൃദമാകുന്നതെന്നും റിപ്പോര്‍ട്ട് നടപ്പാവാന്‍ അടുത്ത തെരഞ്ഞെടുപ്പ് വരെ ചിലപ്പോള്‍ കാത്തിരിക്കേണ്ടി വരുമെന്നും നടി കുറ്റപ്പെടുത്തിയിരുന്നു.