തൃപ്പൂണിത്തുറ: പൂർണ്ണത്രയീശ ക്ഷേത്രത്തിലെ ചടങ്ങായ കാൽ കഴുകിച്ചൂട്ടിന്റെ പേര് മാറ്റിയത് നിയമപരമായി നിലനിൽക്കില്ലെന്ന് ഹൈക്കോടതി. കാൽ കഴുകിച്ചൂട്ടിന്റെ പേര് സമാരാധന എന്നാക്കിയാണ് മാറ്റിയിരുന്നത്. കാൽകഴുകിച്ചൂട്ടിനെതിരായ മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഈ കേസ് തീർപ്പാക്കവെയാണ് കോടതിയുടെ ഉത്തരവ്.
ആചാരാനുഷ്ഠാനങ്ങളിൽ ഇടപെടാൻ ദേവസ്വം ബോർഡിനോ സർക്കാരിനോ കഴിയില്ലെന്ന് ഹൈക്കോടതി അറിയിച്ചു. കാൽകഴുകിച്ചൂട്ട് വിവാദമായതോടെയാണ് ദേവസ്വം ബോർഡ് ചടങ്ങിന് പേര് മാറ്റിയത്. ചടങ്ങിന്റെ ഭാഗമായി ഭക്തരെ കൊണ്ട് കാൽകഴുകിക്കുന്നു എന്നായിരുന്നു വാർത്തകൾ. എന്നാൽ ഭക്തരെ കൊണ്ട് കാൽകഴുകിക്കുന്നിലെന്നും തന്ത്രിയാണ് ചടങ്ങ് നിർവഹിക്കുന്നതെന്നും ദേവസ്വം ബോർഡ് ഹൈക്കോടതിയോട് വ്യക്തമാക്കിയിരുന്നു.
വസ്തുതാവിരുദ്ധമായ വാർത്തകൾ നൽകുന്നതിനെതിരെ കോടതി വിമർശനം ഉന്നയിക്കുകയും ചെയ്തു. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, പി ജി അജിത് കുമാർ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

