കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രേഖകൾ ചോർന്നതുമായി ബന്ധപ്പെട്ട അന്വേഷണം കോടതി ജീവനക്കാരിലേക്കും നീളുന്നു. ദിലീപിന്റെ ഫോണിൽ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകൾ വീണ്ടെടുത്തതിനെ തുടർന്നാണ് കോടതി ജീവനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. ജീവനക്കാരെ ചോദ്യം ചെയ്യാനായി വിചാരണ കോടതിയുടെ അനുമതി തേടാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
ഫോണിലെ വിവരങ്ങൾ നശിപ്പിക്കാൻ സഹായം നൽകിയ സായ് ശങ്കറിന്റെ ഹാർഡ് ഡിസ്‌ക്കിൽ നിന്നാണ് രേഖകൾ കണ്ടെടുത്തിയത്. ഇതെല്ലാം കോടതിയിൽനിന്ന് സർട്ടിഫൈഡ് കോപ്പികളായി ലഭിച്ച രേഖകളെല്ലെന്നും അന്വേഷണ സംഘം കണ്ടെത്തി. ചില കൈയെഴുത്ത് രേഖകളടക്കം ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. അതിനാൽ ഈ രേഖകളെല്ലാം ദിലീപ് നിയമവിരുദ്ധമായി സംഘടിപ്പിച്ചതാണെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നുണ്ട്.
അതേസമയം, രേഖകൾ കൈവശപ്പെടുത്താൻ ദിലീപിന്റെ അഭിഭാഷകരും കോടതി ജീവനക്കാരും തമ്മിലുള്ള ബന്ധം ഉപയോഗപ്പെടുത്തിയോ, ദിലീപ് നേരിട്ട് കോടതി ജീവനക്കാരുമായി ബന്ധം സ്ഥാപിച്ചോ തുടങ്ങിയ കാര്യങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്.

