തിയേറ്ററുകള്‍ ഇളക്കി മറിച്ച സിനിമകള്‍ ഒടിടിയിലേക്ക്‌

തിയേറ്ററുകളില്‍ വന്‍ വിജയം നേടിയ ഭീഷ്മപര്‍വം, പട, നാരദന്‍, വെയില്‍, മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്, ഹേ സിനാമിക, രാധേശ്യാം തുടങ്ങിയ ഒരുപിടി നല്ല ചിത്രങ്ങളാണ് വിവിധ ഓടിടി പ്ലാറ്റ്‌ഫോമുകളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

ആമസോണ്‍ പ്രൈമിലൂടെയാണ് പടയും നാരദനും വെയിലും ഇന്ന് പ്രേക്ഷകരിലെത്തുന്നത്. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്രൈം ആന്‍ഡ് ഡ്രാമ ത്രില്ലറായ പടയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് കമല്‍ കെ. എം ആണ്. ഏപ്രില്‍ 8നാണ് നാരദന്റെ സ്ട്രീമിങ്ങ്. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രത്തില്‍ ടൊവിനോ തോമസ്, അന്ന ബെന്‍, ഷറഫുദ്ദീന്‍, വിജയരാഘവന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഷെയ്ന്‍ നിഗം നായക വേഷത്തിലെത്തുന്ന വെയില്‍ ഏപ്രില്‍ 15ന് റിലീസ് ചെയ്യും. ശരത് മേനോന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന വെയിലില്‍ ഷൈന്‍ ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട്, ശ്രീരേഖ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രഭാസിന്റെ ഏറ്റവും പുതിയ ചിത്രമായ രാധേ ശ്യാം ഏപ്രില്‍ ഒന്നിന് സ്ട്രീമിങ്ങ് തുടങ്ങും. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലായി റിലീസിനെത്തിയ ചിത്രത്തില്‍ പൂജ ഹെഗ്‌ഡേയാണ് നായിക. മമ്മൂട്ടി-അമല്‍ നീരദ് കൂട്ടുകെട്ടിലൊരുങ്ങിയ മമ്മൂട്ടി ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ഭീഷ്മപര്‍വം ഏപ്രില്‍ ഒന്നിന് ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറില്‍ റലീസ് ചെയ്യും. ദുല്‍ഖര്‍ സല്‍മാന്റെ ഹേ സിനാമിക നെറ്റ്ഫ്‌ളിക്‌സില്‍ ഏപ്രില്‍ ഒന്നിന് പ്രദര്‍ശനത്തിനെത്തും. ചിത്രത്തില്‍ കാജല്‍ അഗര്‍വാളും അതിഥി റാവുവുമാണ് നായികമാര്‍. അര്‍ജ്ജുന്‍ അശോകന്‍ നായകനായെത്തിയ ‘ മെമ്പര്‍ രമേശന്‍ ഒന്‍പതാം വാര്‍ഡ്’ ഏപ്രില്‍ ഒന്നിന് സീ5ല്‍ റിലീസിനെത്തും.