സ്വകാര്യ ഡാറ്റകള്‍ ഗൂഗിളിന് ചോര്‍ത്തി നല്‍കുന്ന ഈ ആപ്പുകളെ സൂക്ഷിക്കുക

ഗൂഗിള്‍ ഡയലര്‍, മെസേജസ് എന്നീ ആപ്പുകള്‍ ഉപയോക്താവിന്റെ അനുമതിയില്ലാതെ, സ്വകാര്യ ഡാറ്റകള്‍ ഗൂഗിളിന് കൈമാറുന്നതായി റിപ്പോര്‍ട്ട്. രണ്ട് ആപ്പുകളും ആന്‍ഡ്രോയിഡ് ഫോണുകളില്‍ പ്രീ-ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളവയാണ്.

ട്രിനിറ്റി കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസറായ ഡഗ്ലസ് ലീത്തയാണ് പഠനം നടത്തിയത്. റിപ്പോര്‍ട്ടില്‍ നല്‍കിയിരിക്കുന്ന വിശദാംശങ്ങള്‍ അനുസരിച്ച്, SHA26 ഹാഷ് സന്ദേശങ്ങള്‍, അവരുടെ ടൈംസ്റ്റാമ്പുകള്‍, കോണ്‍ടാക്റ്റ് വിശദാംശങ്ങള്‍, ഇന്‍കമിംഗ്, ഔട്ട്ഗോയിംഗ് കോള്‍ ലോഗുകള്‍, എല്ലാ കോളുകളുടെയും ദൈര്‍ഘ്യം എന്നിവ ഉള്‍പ്പെടുന്ന ഉപയോക്താവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഗൂഗിള്‍ എടുക്കുന്നു. വിവരങ്ങള്‍ ഒരു ഹാഷ് രൂപത്തില്‍ സംഭരിച്ചിട്ടുണ്ടെങ്കിലും, സന്ദേശങ്ങളുടെ ഉള്ളടക്കം അറിയാന്‍ ഗൂഗിളിന് എളുപ്പത്തില്‍ സാധിക്കുമെന്നും ലീത്ത തന്റെ പഠനത്തില്‍ വ്യക്തമാക്കുന്നു.

ഗൂഗിള്‍ അതിന്റെ ഡയലര്‍, മെസേജ് ആപ്പ് എന്നിവയില്‍ നിന്നും ഡാറ്റകള്‍ ശേഖരിക്കുന്നതിലൂടെ, ഗൂഗിള്‍ സ്വകാര്യതാ നയം ലംഘിക്കുകയാണ് ചെയ്യുന്നതെന്നും ലീത്ത ആരോപിക്കുന്നു. ഈ ആപ്പുകളെ സംബന്ധിച്ചുള്ള തന്റെ പഠന റിപ്പോര്‍ട്ടുകള്‍ ലീത്ത ഗൂഗിളിനെ അറിയിച്ചു. സ്വകാര്യതയില്‍ ഇത്തരം വീഴ്ചകള്‍ ഒഴിവാക്കാന്‍ സെര്‍ച്ച് ഭീമന്‍ ചില നിര്‍ണായക മാറ്റങ്ങള്‍ വരുത്തണമെന്ന് ലീത്ത ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി, ഡയലറില്‍ നിന്നും സന്ദേശങ്ങള്‍ ആപ്പില്‍ നിന്നും ഡാറ്റ സ്വീകരിക്കുന്നതിനുള്ള കാരണങ്ങള്‍ വിശദീകരിക്കാമെന്ന് ഗൂഗിള്‍ അറിയിച്ചു.