മുഖ്യസഖ്യകക്ഷിയും കൈവിട്ടു; പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് തിരിച്ചടി

ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് തിരിച്ചടി. സംയുക്ത പ്രതിപക്ഷ സഖ്യത്തിന്റെ അവിശ്വാസ പ്രമേയം മറികടക്കാൻ നീക്കം തുടരുന്നതിനിടെയാണ് ഇമ്രാൻ ഖാന് അപ്രതീക്ഷിത തിരിച്ചടി ഉണ്ടായത്. ഇമ്രാന്റെ പാകിസ്താൻ തെഹ്രീക്ഇ ഇൻസാഫ് (പിടിഐ) പാർട്ടിയുടെ മുഖ്യസഖ്യകക്ഷിയായ മുത്താഹിദ ഖ്വാമി മൂവ്മെന്റ് പാകിസ്താൻ (എംക്യുഎംപി) പ്രതിപക്ഷത്തെ പാകിസ്തൻ പീപ്പിൾസ് പാർട്ടിക്കൊപ്പം (പിപിപി) ചേർന്നു. ദേശീയ അസംബ്ലിയിൽ ഇമ്രാൻ ഖാന് ഇതോടെ ഭൂരിപക്ഷം നഷ്ടമായി.

സർക്കാരിന്റെ പ്രധാന സഖ്യകക്ഷിയായ മുത്താഹിദ ക്വാമി മൂവ്മെന്റ് പാകിസ്താൻ പ്രതിപക്ഷമായ പാകിസ്താൻ പീപ്പിൾസ് പാർട്ടി (പി.പി.പി) യുമായി ധാരണയിലെത്തിയതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംയുക്ത പ്രതിപക്ഷ സഖ്യവും എംക്യുഎമ്മും ധാരണയിലെത്തിയെന്നും പാകിസ്താന് അഭിനന്ദനങ്ങൾ നേരുന്നുവെന്നും പിപിപി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി അറിയിച്ചു. പ്രതിപക്ഷ പാർട്ടികളുമായി ധാരണയിലെത്തിയതായി മുതിർന്ന എം.ക്യു.എം നേതാവ് ഫൈസൽ സബ്‌സ്വാരിയും സ്ഥിരീകരിച്ചു.

എംക്യുഎം വന്നതോടെ സംയുക്ത പ്രതിപക്ഷ സഖ്യത്തിന്റെ അംഗബലം 177 ആയി. ഏപ്രിൽ മൂന്നിനാണ് അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ്. 172 എംഎൻഎമാരുടെ (ദേശീയ അംസബ്ലി അംഗങ്ങൾ) പിന്തുണ മതി അവിശ്വാസപ്രമേയം പാസാകാൻ. അതേസമയം, ഭരണപക്ഷത്തു നിന്നു കൂറുമാറിയ പാർട്ടികളെല്ലാം തിരിച്ചുവരുമെന്നും ഇമ്രാൻ സർക്കാർ അവിശ്വാസത്തെ അതിജീവിക്കുമെന്നും ആഭ്യന്തരമന്ത്രി ഷെയ്ഖ് റഷീദ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.