തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍; ചികിത്സാ സഹായം തേടി സുഹൃത്തുക്കള്‍

കൊച്ചി: ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. രണ്ടു മാസമായി എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ ചികിത്സ വേണ്ട സാഹചര്യം വന്നപ്പോള്‍ കഴിഞ്ഞയാഴ്ച എറണാകുളം ലിസി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇപ്പോള്‍ നേരിയ തോതില്‍ ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടെന്നും കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് നല്‍കിയിരുന്ന ബൈ- പാപ്പ് സപ്പോര്‍ട്ട് രാത്രി മാത്രമായി പരിമിതപ്പെടുത്തുവാന്‍ സാധിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ശ്വാസതടസവും ഒരു മാസത്തിലേറെ നീണ്ട വയറിളക്കവും ജോണ്‍പോളിനെ അവശനിലയിലാക്കിയിരുന്നു. നില ഗുരുതരമാണെന്നു മനസ്സിലായതോടെ ആശുപത്രി അധികൃതര്‍ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കുകയായിരുന്നു. മാസങ്ങളായി കിടപ്പിലായതിനാല്‍ വ്രണങ്ങള്‍ രൂപപ്പെട്ടെങ്കിലും ചെരിച്ചു കിടത്തിയും മറ്റും ചികിത്സ നല്‍കുന്നുണ്ട്. ചികിത്സയെ തുടര്‍ന്ന് കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. മാക്ട ഉള്‍പ്പടെയുള്ള സിനിമാ സംഘടനകള്‍ സാമ്പത്തിക സാഹയം നല്‍കിയെങ്കിലും ഇതുവരെ ചികിത്സയ്ക്കായി 20 ലക്ഷം രൂപയിലേറെ ചിലവായി. ജോണ്‍ പോളിന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്നു മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.

മലയാള സിനിമയ്ക്കു നിര്‍ണായ സംഭാവന നല്‍കിയിട്ടുള്ള ജോണ്‍ പോളിന് കാര്യമായ സാമ്പത്തിക നീക്കിയിരിപ്പുകള്‍ ഇല്ലെന്നതിനാല്‍ സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി സഹായനിധി രൂപീകരിക്കാന്‍ തീരുമാനിച്ചിരുന്നു. പ്രഫ. എം.കെ.സാനു, ചാവറ കള്‍ചറല്‍ സെന്റര്‍ ഡയറക്ടര്‍ തോമസ് പുതുശേരി, സംവിധായകന്‍ എം. മോഹന്‍, ജയചന്ദ്രന്‍ സിഐസിസി, പി. രാമചന്ദ്രന്‍, മനു റോയ്, സിജി രാജഗോപാല്‍, ജോണ്‍സണ്‍ സി. ഏബ്രഹാം, തനൂജ ഭട്ടതിരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സഹായസമാഹരണം. ജോണ്‍ പോളിന്റെ മകളുടെ ഭര്‍ത്താവിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കു സാമ്പത്തിക സഹായം നല്‍കണമെന്നാണ് അഭ്യര്‍ഥന.

അക്കൗണ്ട് നമ്പര്‍ -67258022274
എസ്ബിഐ കാക്കൂര്‍ ബ്രാഞ്ച്,
ഐഎഫ്എസ്‌സി കോഡ് SBIN0070543.
ഗൂഗിള്‍ പേ – 94466 10002.