ന്യൂഡൽഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി. 2022- 23 സാമ്പത്തിക വർഷത്തിൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. കേന്ദ്രഭരണപ്രദേശങ്ങളിൽ അഞ്ച് ശതമാനത്തിൽ താഴെയും 10 സംസ്ഥാനങ്ങളിൽ അഞ്ച് ശതമാനത്തിൽ കൂടുതലും വർധനവാണ് പ്രാബല്യത്തിൽ വരിക. കേരളത്തിലെ തൊഴിലാളികൾക്ക് 20 രൂപയാണ് പുതിയ നിരക്ക് പ്രകാരം കൂലി ലഭിക്കുക.
അതേസമയം, മണിപ്പൂർ, മിസോറം, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ വേതനത്തിൽ മാറ്റമില്ല. വേതനത്തിൽ ഏറ്റവും കൂടുതൽ വർധനവ് ഉണ്ടായിരിക്കുന്നത് ഗോവയിലാണ്. 21 രൂപയുടെ വർധനവാണ് ഗോവയിൽ ഉണ്ടായിട്ടുള്ളത്. ഏറ്റവും കുറവ് വർധനവുണ്ടായിരിക്കുന്നത് മേഘാലയയിലാണ്. 1.77 ശതമാനത്തിന്റെ വർധനവാണ് ഇവിടെയുണ്ടായിട്ടുള്ളത്. 230 രൂപയാണ് മേഘാലയയിൽ ഇനി തൊഴിലുറപ്പ് വേതനം ലഭിക്കുക. നേരത്തെ ഇത് 226 രൂപയായിരുന്നു.
ഹരിയാനയിലാണ്, നിലവിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ കൂലി ലഭിക്കുന്നത് 331 രൂപയാണ് ഇവിടെ ലഭിക്കുന്നത്. മധ്യപ്രദേശിലും ഛത്തീസ്ഗഢിലുമാണ് ഏറ്റവും കുറവ് കൂലി ലഭിക്കുന്നത്. 204 രൂപയാണ് ഈ സംസ്ഥാനങ്ങളിൽ. ഗുജറാത്ത് 239 രൂപ, യുപി 213 രൂപ, ഗോവ 315 രൂപ ആന്തമാൻ നിക്കോബാർ 308 രൂപ, ത്രിപുര 212രൂപ, ബിഹാർ 210 രൂപ, ജാർഖണ്ഡ് 210 രൂപ, ഛത്തീസ്ഗഡ് 204 രൂപ, മധ്യപ്രദേശ് 204 രൂപ എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം ലഭിക്കുന്ന കൂലി.

