യുറോപ്പിലെ യുദ്ധ പ്രതിസന്ധി; മേഖലാ തലത്തില്‍ രാജ്യങ്ങള്‍ സഹകരണം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: യൂറോപ്പിലെ ഇപ്പോഴത്തെ യുദ്ധ സാഹചര്യം അന്താരാഷ്ട്ര തലത്തിലെ സന്തുലിതാവസ്ഥയ്ക്ക് മേലെ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നതിനാല്‍ മേഖലാ തലത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ഉറപ്പാക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അതിനാല്‍ ബിംസ്റ്റെക് രാജ്യങ്ങള്‍ക്കിടയില്‍ സഹകരണം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘നളന്ദ സര്‍വകലാശാലയുടെ ബിംസ്റ്റെക് സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ബിംസ്റ്റെക് രാജ്യങ്ങളുമായി കുറ്റകൃത്യ നിയന്ത്രണത്തിനായി ഉഭയകക്ഷി സമ്മതപ്രകാരം കരാര്‍ ഒപ്പുവെക്കും. ബംഗാള്‍ ഉള്‍ക്കടലിനെ രാജ്യങ്ങള്‍ക്കിടയിലെ കണക്ടിവിറ്റിയുടെയും സുരക്ഷയുടെയും പുരോഗതിയുടെയും പാലമാക്കി മാറ്റണം. അതിനാല്‍ 1997 ല്‍ ബിംസ്റ്റെക് നേടിയെടുത്ത നേട്ടങ്ങള്‍ക്കായി രാജ്യങ്ങള്‍ നടത്തിയ ഇടപെടല്‍ വീണ്ടും ആവശ്യപ്പെടും’- പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം, ബിംസ്റ്റെകിന്റെ ഓപറേഷണല്‍ ബജറ്റ് വികസിപ്പിക്കുന്നതിനായി ബിംസ്റ്റെക് സെക്രട്ടേറിയേറ്റിന് പത്ത് ലക്ഷം യുഎസ് ഡോളര്‍ നല്‍കുമെന്നും മോദി പ്രഖ്യാപിച്ചു. ബിംസ്റ്റെക് സെക്രട്ടറി ജനറല്‍ ബജറ്റ് വികസിപ്പിക്കുന്നതിനുള്ള ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.