അഞ്ചാം വയസില്‍ ഒന്നാം ക്ലാസിലേക്ക്‌; പൊതുവായ മാനദണ്ഡം പാലിക്കുമെന്ന് സിബിഎസ്ഇ

കൊച്ചി: സംസ്ഥാനത്തെ ഒന്നാം ക്ലാസ് പ്രവേശനത്തിന് 5 വയസ്സ് എന്ന പൊതുവായ മാനദണ്ഡം പാലിക്കുമെന്ന് കേരള സിബിഎസ്ഇ സ്‌കൂള്‍സ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ടി.പി.എം ഇബ്രാഹിം ഖാനും നാഷനല്‍ കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്‌കൂള്‍സ് സെക്രട്ടറി ജനറല്‍ ഡോ. ഇന്ദിരാ രാജനും അറിയിച്ചു. അതതു സംസ്ഥാന സര്‍ക്കാരുകള്‍ നിശ്ചയിക്കുന്ന പ്രവേശന മാനദണ്ഡങ്ങള്‍ സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് പാലിക്കാമെന്ന സിബിഎസ്ഇ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണു പുതിയ തീരുമാനം.

മിക്ക സ്‌കൂളുകളിലും പ്രവേശന നടപടികള്‍ പൂര്‍ത്തിയായതിനാല്‍ ചട്ടങ്ങളില്‍ ഈ വര്‍ഷം മാറ്റം വരുത്തുക എന്നത് അപ്രായോഗികമാണ്. എന്നാല്‍, കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറു വയസ്സാകണമെന്നു നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഈ മാനദണ്ഡം പിന്തുടരാന്‍ ആഗ്രഹിക്കുന്ന സ്‌കൂളുകള്‍ക്ക് അത്തരത്തില്‍ സ്വതന്ത്രമായി തീരുമാനം കൈക്കൊള്ളാമെന്നും ഇന്ദിരാ രാജന്‍ വ്യക്തമാക്കി.