കൊളംബോ: ശ്രീലങ്കയിലെ മൂന്നു ദ്വീപുകളിൽ വൈദ്യുത പദ്ധതികൾ പണിയാനുള്ള കരാർ ഏറ്റെടുത്ത് ഇന്ത്യ. ജാഫ്നയ്ക്കടുത്തുള്ള ദ്വീപുകളിൽ ഹൈബ്രിഡ് വൈദ്യുതി പദ്ധതികൾ സ്ഥാപിക്കാനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടു. മേഖലയിൽ വൈദ്യുത നിലയങ്ങൾ നിർമിക്കാൻ ശ്രീലങ്ക കഴിഞ്ഞ വർഷം ചൈനയ്ക്ക് അനുമതി നൽകിയിരുന്നു. എന്നാൽ ഇന്ത്യൻ തീരത്തോട് അടുത്തായതിനാൽ സുരക്ഷാ പ്രശ്നം മുൻനിർത്തി മോദി സർക്കാർ ഇതിനെ ശക്തമായി എതിർക്കുകയും കരാർ ഏറ്റെടുക്കുകയുമായിരുന്നു.
ശ്രീലങ്കയുടെ വടക്ക്, പടിഞ്ഞാറൻ മേഖലകളിൽ ഇന്ത്യ പണിയുന്ന മൂന്നാമത്തെ വൈദ്യുത പദ്ധതിയാണിത്. കിഴക്കൻ സാമ്പൂരിൽ നാഷണൽ തെർമൽ പവർ കോർപ്പറേഷനും മാന്നാറിലും പൂനേരിലും അദാനി ഗ്രൂപ്പുമാണ് വൈദ്യുത നിയലങ്ങൾ സ്ഥാപിക്കുക. വായ്പയ്ക്കു പകരം ഗ്രാന്റ് (ധനസഹായം) നൽകി നിലയങ്ങൾ പണിയാം എന്ന വാഗ്ദാനം അടുത്തിടെ ഇന്ത്യ മുന്നോട്ടുവച്ചിരുന്നു. ശ്രീലങ്ക ഈ വാഗ്ദാനം സ്വീകരിക്കുകയായിരുന്നു.
അതേസമയം, ഇന്ത്യയും ശ്രീലങ്കയും ചേർന്ന് ഇന്ത്യൻ മഹാസമുദ്രത്തിൽ മാരിടൈം റസ്‌ക്യൂ കോ-ഓർഡിനേഷൻ സെന്റർ ആരംഭിക്കാനും തീരുമാനമായി. പ്രതിരോധ രംഗത്ത് സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഇന്ത്യ ഇതിന് 60 ലക്ഷം ഡോളർ ഗ്രാന്റ് നൽകും. ഭാരത് ഇലക്ട്രോണിക്സ് ആകും ഇത് നിർമിക്കുക. ഇതിനു പുറമേ പോയന്റ് പെദ്രോ,പേശാലൈ, ഗുരുനഗർ, ബലപിടിയ എന്നിവിടങ്ങളിൽ ഇന്ത്യ മത്സ്യബന്ധന തുറമുഖങ്ങൾ നിർമിക്കാനും ഇന്ത്യ സഹായിക്കും.

