സഭാതര്‍ക്കം: സുപ്രീംകോടതി വിധി സര്‍ക്കാര്‍ അട്ടിമറിക്കുന്നു; രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍

കോട്ടയം: സഭാതര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ രംഗത്ത്. പരമോന്നത നീതിപീഠത്തിന്റെ വിധി പ്രസ്താവങ്ങളെ തകിടം മറിക്കുന്ന രീതിയിലാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെന്നും ഇത്തരം നടപടികള്‍ ആശങ്കകള്‍ക്ക് കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

‘സഭയുടെ പൈതൃക സംരക്ഷണം ഉറപ്പാക്കുന്നതിന് ഭരണഘടനാ അനുസൃതുമായി സുപ്രീംകോടതി അനുവദിച്ച് നല്‍കിയിട്ടുള്ള വിധി പ്രസ്താവങ്ങളെ തകിടം മറിക്കുന്ന നിലയിലുള്ള കേരള സര്‍ക്കാരിന്റെ നടപടികളെ ആശങ്കയോടെയാണ് സഭ വീക്ഷിക്കുന്നത്. പൊതുജനാഭിപ്രയം തേടി കോടതി വിധി നടപ്പാക്കണമെന്ന ആശയം എത്രയോ നിരുത്തരവാദപരമായ സമീപനമാണ്. നിയമവാഴ്ച്ച ഉറപ്പാക്കേണ്ട ഒരു ജനാധിപത്യ ഗവണ്‍മെന്റില്‍ നിന്നുണ്ടാകുന്ന ഇത്തരം നടപടികള്‍ ആപല്‍ക്കരമാണ്. സഭ എല്ലാക്കാലവും ഇത്തരത്തിലുള്ള വെല്ലുവിളകളെ അഭിമുഖീകരിച്ചാണ് മുന്നേറിയിട്ടുള്ളത്. സത്യം നിലനില്‍ക്കുക തന്നെ ചെയ്യും. ഈ വെല്ലുവിളികളെയും നാം അതിജീവിക്കുമെന്നതില്‍ സംശയിക്കേണ്ട കാര്യമില്ല’- ബാവ വ്യക്തമാക്കി.