പണിമുടക്കെന്ന പേരിൽ സർക്കാർ പിന്തുണയോടെ ഗുണ്ടായിസം; രൂക്ഷ വിമർശനവുമായി വി മുരളീധരൻ

ന്യൂഡൽഹി: പൊതു പണിമുടക്കിന്റെ പേരിൽ കേരളത്തിൽ രണ്ട് ദിവസമായി അരങ്ങേറുന്നത് സർക്കാർ സ്പോൺസേർഡ് ഗൂണ്ടായിസം ആണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പണിമുടക്കെന്ന പേരിൽ സർക്കാർ പിന്തുണയോടെ നടക്കുന്ന ഗൂണ്ടായിസത്തോട് കേരളം ഇനിയും മൗനം പാലിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തുറക്കുന്ന കടകൾ ബലമായി അടപ്പിക്കുകയും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുകയും ചെയ്യുന്നത് ഭരണമുന്നണി ഇറക്കിവിട്ട ഗൂണ്ടകളാണ്. സ്ത്രീകളെപ്പോലും വഴി തടയുമ്പോൾ കാഴ്ചക്കാരാകുന്ന പോലിസ് സ്വയം അപമാനിതരാവുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മഞ്ഞക്കുറ്റികൾക്ക് കാവൽ നിൽക്കുന്നവർക്ക് ജനജീവിതം സുരക്ഷിതമാക്കാനാവുന്നില്ല.. ഞായർ അവധിയുൾപ്പെടെ മൂന്ന് പ്രവൃത്തി ദിവസങ്ങളാണ് തുടർച്ചയായി നഷ്ടമാവുന്നത്. വിനോദസഞ്ചാര മേഖലയടക്കം സകലതും നേരിടുന്നത് വൻ നഷ്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലോകത്ത് എവിടെയെങ്കിലും ഒരു നാടിന്റെ പ്രവർത്തനം സ്തംഭിപ്പിക്കാൻ സർക്കാർ നേരിട്ട് ഇറങ്ങുന്നുണ്ടെങ്കിൽ അത് കേരളത്തിൽ മാത്രമായിരിക്കും. ഭരണപക്ഷത്തിന്റെ ജനദ്രോഹ പ്രവർത്തനങ്ങൾക്ക് സമരത്തിൽ പങ്കെടുത്തുകൊണ്ട് ജയ് വിളിക്കുകയാണ് വി. ഡി. സതീശനും സംഘവും. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തും ഇങ്ങനെ ഒരു സ്ഥിതിവിശേഷം നിലവിലില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ദേശീയ പണിമുടക്ക് എന്നത് പേര് മാത്രമാണ്. യഥാർത്ഥത്തിൽ നടന്നുകൊണ്ടിരിക്കുന്നത് കേരള പണിമുടക്കാണ്. ജനങ്ങൾക്ക് ഈ പണിമുടക്കിൽ യാതൊരു താത്പര്യവുമില്ല. സിപിഎം നിരത്തിലിറക്കുന്ന ഗുണ്ടകളെ ഭയന്നാണ് ജനങ്ങൾ വീട്ടിലിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.