അഴിമതിയും സാമ്പത്തിക പ്രതിസന്ധിയും; ഇമ്രാൻ ഖാനെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം

ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിച്ച് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫാണ് പ്രമേയം അവതരിപ്പിച്ചത്. 16 എം.എൻ.എമാർ അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകി. ഇതോടെ സ്പീക്കർ പ്രമേയം അംഗീകരിച്ചു. പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ സഭ പിരിഞ്ഞു.

മാർച്ച് 31-ന് പാർലമെന്റിന്റെ അടുത്ത സമ്മേളനം ആരംഭിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ക്വാസിം ഖാൻ സൂരി വ്യക്തമാക്കി. പ്രമേയത്തിൻമേലുള്ള വോട്ടെടുപ്പ് മൂന്നു ദിവസത്തിനു ശേഷവും ഏഴു ദിവസത്തിനുള്ളിലും നടക്കണമെന്നാണ് നിബന്ധന. അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കുന്ന ദിവസം ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഭാവി തീരുമാനിക്കപ്പെടുമെന്ന് പാകിസ്താൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അറിയിച്ചു. അതേസമയം, സഖ്യ കക്ഷിയുമായുള്ള ബന്ധം സംരക്ഷിക്കാൻ, ഇമ്രാൻ ഖാൻ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി സ്ഥാനം
പിഎംഎൽ(ക്യു) ന്റെ പർവേസ് ഇലാഹിക്ക് വാഗ്ദാനം ചെയ്‌തേക്കുമെന്ന് റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. പ്രതിപക്ഷ കക്ഷിയായ പിഎംഎൽ-നവാസ് വിഭാഗം, പിപിപി എന്നിവയിലെ നൂറോളം എംപിമാരാണ് പ്രമേയത്തിന് പിന്തുണ നൽകുന്നത്.

അഴിമതി, സാമ്പത്തിക പ്രതിസന്ധി, നാണയപെരുപ്പം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അവിശ്വാസം കൊണ്ടുവന്നത്. ഇമ്രാൻ ഖാന്റെ പാർട്ടിയിലെ ചില അംഗങ്ങളും അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകിയിട്ടുണ്ട്.