ഹൈക്കോടതി ഉത്തരവ് നടപ്പാക്കുകയല്ലാതെ സർക്കാരിന് മുന്നിൽ വേറെ വഴികളില്ല; ഗവർണർ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പണിമുടക്കിനെതിരായ ഹൈക്കോടതിയിൽ വിധിയിൽ നിലപാട് വ്യക്തമാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കുകയല്ലാതെ സർക്കാരിന് മുന്നിൽ വേറെ വഴികളില്ലെന്ന് അദ്ദേഹം പറഞ്ഞു. പണിമുടക്കുകളിലും മറ്റും ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് മനസ്സിലാക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.

സർക്കാർ ഉദ്യോഗസ്ഥർ ദേശീയ പണിമുടക്കിൽ പങ്കെടുക്കുന്നത് വിലക്കി ഇന്ന് തന്നെ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്നായിരുന്നു കോടതിയുടെ നിർദ്ദേശം. ചീഫ് ജസ്റ്റിസ് എസ് മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് കോടതി അറിയിച്ചു. ദേശീയ പണിമുടക്കിൽ ഡയസ്നോൺ പ്രഖ്യാപിക്കാത്തതിനെതിരെ തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത്.