എറണാകുളത്ത് വ്യാപാര സ്ഥാപനങ്ങൾ ചൊവ്വാഴ്ച്ച തുറന്ന് പ്രവർത്തിക്കും; വ്യാപാരി സംഘടനകൾ

കൊച്ചി: എറണാകുളം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങൾ ചൊവ്വാഴ്ച്ച തുറന്ന് പ്രവർത്തിക്കുമെന്ന് സംയുക്ത വ്യാപാരി സംഘടനകൾ. തൊഴിലാളി സമരത്തിന്റെ പേരിൽ സംസ്ഥാനത്തെ ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ നിർബന്ധമായി അടപ്പിച്ചപ്പോൾ, കുത്തക മുതലാളിമാരായ യൂസഫലിയുടെ ലുലുമാളും, അംബാനിയുടെ റിലയൻസ് സൂപ്പർമാർക്കറ്റ് ശൃംഖലയും തുറന്നു പ്രവർത്തിച്ചിരുന്നുവെന്നാണ് വ്യാപാരി സംഘടനകൾ വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ ലക്ഷക്കണക്കിന് വരുന്ന ചെറുകിട ഇടത്തരം വ്യാപാര സ്ഥാപനങ്ങളെ ഉന്മൂലനം ചെയ്യുകയാണ് സമരത്തിന്റെ ലക്ഷ്യമെന്നും സംഘടന കുറ്റപ്പെടുത്തുന്നു.

കേരളത്തിന്റെ വിപണി കുത്തക മുതലാളിമാർക്ക് തീറെഴുതിക്കൊടുക്കാനുള്ള അടവ് നയത്തിന്റെ ഭാഗമായുള്ള നീക്കമാണിത്. ഉപജീവനം കണ്ടെത്തുന്നതിനുള്ള പൗരന്റെ മൗലികാവകാശത്തെ കുത്തക മുതലാളിമാർക്ക് അടിയറവ് വയ്ക്കില്ല. ചൊവ്വാവ്ച്ച ജില്ലയിലെ മുഴുവൻ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുമെന്നും സംഘടന അറിയിച്ചു. കേരള മർച്ചന്റ് ചേംബർ ഓഫ് കോമേഴ്സ്, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസ്സോസിയേഷൻ, കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ്‌സ് അസ്സോസിയേഷൻ, ബേക്കേഴ്സ് അസ്സോസിയേഷൻ തുടങ്ങിയ സംഘടനകളും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നിലപാടിനെ പിന്തുണയ്ക്കുണ്ട്.