ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വർഷത്തിനുള്ളിൽ ശാശ്വതമായ പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പുനൽകി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. 2023-ഓടെ ഇലക്ട്രിക് വാഹനങ്ങൾ പെട്രോൾ കാറുകളുടെ വിലയിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
വരും വർഷങ്ങളിൽ ഇലക്ട്രിക് കാറുകളുടെ വില കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കും. പെട്രോൾ കാറുകളുടെ വിലയിലേക്ക് ഇലക്ട്രിക് കാറിന്റെ വിലയും എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ഇലക്ട്രിക് കാറുകൾക്കായി പുതിയ സാങ്കേതികവിദ്യകളുടെയും ഗ്രീൻ ഫ്യൂവലുകളുടെയും കണ്ടുപിടിത്തവും വരുന്നതോടെ വാഹനങ്ങളുടെ വിലയിൽ ഗണ്യമായ കുറവുണ്ടാക്കാൻ സാഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇലക്ട്രിക് വാഹനങ്ങളുടെ വിലയിൽ കുറവുണ്ടാകണമെങ്കിൽ ആദ്യം ലിഥിയം അയേൺ ബാറ്ററികളുടെ വിലയിൽ കുറവുണ്ടാകണം. വാഹനങ്ങളിൽ ഉപയോഗിക്കാൻ കഴിയുന്ന സിങ്ക്-അയേൺ, സോഡിയം-അയേൺ, അലുമിനിയം-അയേൺ തുടങ്ങിയ ബാറ്ററികൾ ഒരുങ്ങുകയും ഇവ ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുകയും ചെയ്യുന്നതോടെ ഇത്തരം വാഹനങ്ങൾ താങ്ങാവുന്ന വിലയിൽ ലഭ്യമാക്കാൻ കഴിയുമെന്നുമാണ് പുറത്തുവരുന്ന വിവരം.

