ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭ നടത്തിയ ഭൂമി ഇടപാടിലെ പോലീസ് അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പള്ളി വക സ്വത്തുക്കളെ സംബന്ധിച്ച് ഹൈക്കോടതിക്ക് അന്വേഷണത്തിന് ഉത്തരവിടാന്‍ കഴിയില്ലെന്നും, കാക്കനാട് ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുള്ള കേസുകളുടെ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
എന്നാല്‍, ഭൂമി ഇടപാടില്‍ കോടികളുടെ കള്ളപണയിടപാടാണ് നടന്നിട്ടുള്ളതെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പ്രാഥമിക കണ്ടെത്തല്‍. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികള്‍. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. ആധാരം വിലകുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയതിനാണ് ഇഡി കേസെടുത്തിരിക്കുന്നത്. ഭൂമി വില്‍പ്പനയില്‍ നികുതി വെട്ടിപ്പിന് ആദായ നികുതി വകുപ്പ് സഭയ്ക്ക് 6.5 കോടി പിഴ ഇട്ടിരുന്നു.
അതേസമയം, ഭൂമി ഇടപാടില്‍ സര്‍ക്കാര്‍ പുറമ്പോക്ക് ഉള്‍പ്പെട്ടിട്ടുണ്ടോ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളില്‍ ആലഞ്ചേരിക്കെതിരെ റവന്യു സംഘത്തിന്റെ അന്വേഷണവും നടക്കുന്നുണ്ട്. തണ്ടപ്പേര് തിരുത്തിയോ, ക്രമക്കേടില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളും റവന്യു സംഘം പരിശോധിക്കും. ലാന്‍ഡ് റവന്യു വകുപ്പ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘത്തെയാണ് നിയോഗിച്ചത്. വ്യാജപട്ടയം ഉണ്ടാക്കിയും തണ്ടപ്പേര് തിരുത്തിയും ഇടപാട് നടന്നുവെന്ന് അന്വേഷണത്തില്‍ പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

