തിരുവനന്തപുരം: വിനായകന്റെ വിവാദ പരാമർശങ്ങളുമായി ബന്ധപ്പെട്ട് പ്രതികരണവുമായി നടി നവ്യാ നായർ. അന്നത്തെ ദിവസം നടന്ന സംഭവങ്ങൾക്ക് ക്ഷമ ചോദിച്ചാൽ പ്രശ്‌നം തീരുമെങ്കിൽ താൻ അതിന് തയ്യാറാണെന്ന് നവ്യാ നായർ വ്യക്തമാക്കി. വിനായകന്റെ മീ ടൂ പരാമർശം തെറ്റായിപ്പോയെന്നും വിവാദ പരാമർശങ്ങൾ ബുദ്ധിമുട്ടുണ്ടാക്കിയെന്നും താനും ക്രൂശിക്കപ്പെട്ടുവെന്നും താരം പറഞ്ഞു.
ഒരു പുരുഷൻ പറഞ്ഞതിന് സ്ത്രീയെയാണ് ക്രൂശിക്കുന്നത്. അന്നുണ്ടായ മുഴുവൻ സംഭവത്തിനും ഞാൻ ക്ഷമ ചോദിച്ചാൽ പ്രശ്‌നം തീരുമെങ്കിൽ എല്ലാവരോടും പൂർണമനസോടെ ക്ഷമ ചോദിക്കുന്നു. അവിടെ നടന്നത് ഒരു പുരുഷന്റെ പരാമർശമാണെങ്കിലും ഇപ്പോഴും ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് മറ്റൊരു സ്ത്രീയാണ്. അവിടെ എത്ര പുരുഷന്മാരുണ്ടായിരുന്നു, നിങ്ങളെല്ലാം ചോദ്യം ചോദിക്കുന്നത് എന്നോടാണെന്നും താരം വെളിപ്പെടുത്തി.
താൻ ഇവിടെ വന്നിരിക്കുന്നത് ഒരുത്തീ എന്ന സിനിമ ഒരുപാട് കുടുംബ സ്ത്രീ പ്രവർത്തകർക്കൊപ്പം കാണാനാണ്. ഈ സിനിമയാണ് ഞങ്ങളുടെ ടീമിനും പറയാനുള്ള സന്ദേശം. സ്ത്രീകളുടെ ശക്തിയാണ് സിനിമയിൽ പറയുന്നത്. ഒരു സ്ത്രീ പ്രതികരണ ശേഷിയിലേക്ക് എങ്ങനെ എത്തുന്നുവെന്നാണ് സിനിമയിലൂടെ കാണിക്കുന്നത്. പത്ത് കൊല്ലത്തിന് ശേഷമാണ് താൻ സിനിമയിലേക്ക് വരുന്നത്. ഇതിന്റെയൊരു സന്തോഷം ആഘോഷിക്കാൻ ദയവ് ചെയ്ത് സമ്മതിക്കണമെന്നും കൂടുതൽ ചോദ്യങ്ങൾ ചോദിച്ച് തന്നെ ബുദ്ധിമുട്ടിക്കരുതെന്നും നവ്യാ നായർ കൂട്ടിച്ചേർത്തു.

