ടിക്കറ്റിതര വരുമാനത്തിനായി പുതിയ പദ്ധതികളുമായി റെയിൽവേ; വരുന്നു പുതിയ മൊബൈൽ ആപ്പ്

മുംബൈ: ടിക്കറ്റിതര വരുമാനത്തിനായി പുതിയ പദ്ധതികളുമായി റെയിൽവേ. തീവണ്ടി യാത്രയ്ക്കിടയിൽ പുസ്തകം വായിക്കണമെന്ന് തോന്നിയാൽ ഇനി അത് നിങ്ങളുടെ സീറ്റിലെത്തും. ഇതിനായി ഒരു മൊബൈൽ ആപ്ലിക്കേഷൻ രൂപീകരിക്കാനാണ് അധികൃതരുടെ നീക്കം. പുസ്തകം മാത്രമല്ല, ഭക്ഷണമോ സൗന്ദര്യവർധക വസ്തുക്കളോ തുടങ്ങി എന്തും ഈ മൊബൈൽ ആപ്പ് വഴി ആവശ്യപ്പെടാം.മുംബൈ-വാരാണസി മഹാനഗരി എക്‌സ്പ്രസിലാണ് ഈ മൊബൈൽ ആപ്പ് ആദ്യം പരീക്ഷിക്കുന്നത്. മൊബൈൽ ആപ്ലിക്കേഷനായി കോച്ചുകളിൽ വൈഫൈ സൗകര്യവും ഉണ്ടാവും.

പദ്ധതിയ്ക്ക് റെയിൽവേ ബോർഡ് അംഗീകാരം നൽകിയിട്ടുണ്ട്. തുടർന്ന് മധ്യ റെയിൽവേയുടെ മുംബൈ ഡിവിഷൻ പദ്ധതി നടപ്പാക്കാനുള്ള ടെൻഡർ നടപടികളിലേക്ക് കടന്നു. അതേസമയം, യാത്രക്കാരന് റെയിൽവേ സ്റ്റേഷനിലെത്താനും തീവണ്ടിയിറങ്ങിയ ശേഷം ലക്ഷ്യസ്ഥാനത്തേയ്ക്ക് പോകാനും ആപ്പ് വഴി വാഹനങ്ങൾ ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും. ശൗചാലയവും കമ്പാർട്ട്മെന്റുകളും വൃത്തിയാക്കാനും ആപ്പ് വഴി ആവശ്യപ്പെടാം.

റെയിൽവേ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ സ്വകാര്യ കമ്പനിയാണ് ആപ്പ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി വിജയകരമായാൽ മറ്റു തീവണ്ടികളിലേക്കുകൂടി ഇത് വ്യാപിപ്പിക്കുമെന്നാണ് മധ്യ റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചത്.