ഹിജാബ് നിരോധനം; കർണ്ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് സമസ്ത

ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച കർണ്ണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് സമസ്ത. സമസ്ത ജന.സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. നിരോധനം ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമെന്ന് സമസ്ത വ്യക്തമാക്കി. ഖുർആൻ വ്യാഖ്യാനിക്കുന്നതിൽ ഹൈക്കോടതിക്ക് തെറ്റ് പറ്റിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

മുസ്ലിം സ്ത്രീകൾ പൊതു സ്ഥലങ്ങളിൽ മുഖവും, കഴുത്തും ശിരോവസ്ത്രം ഉപയോഗിച്ച് മറയ്ക്കണമെന്ന് ഖുറാൻ നിഷ്‌കർഷിച്ചിട്ടുണ്ടെന്നും ഹർജിയിൽ പറയുന്നു. മുഴുവൻ മുസ്ലിം മത വിശ്വാസികളെയും ബാധിക്കുന്ന വിഷയമായതിനാലാണ് ഹിജാബ് നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകുന്നതെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ സമസ്ത വ്യക്തമാക്കിയിട്ടുണ്ട്. ഖുറാനിലെ രണ്ട് വചനങ്ങൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് വ്യാഖ്യാനിച്ചാണ് ഹിജാബ് അനിവാര്യമായ മതാചാരമല്ലെന്ന് ഹൈക്കോടതി കണ്ടെത്തിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

അനിവാര്യമായ മതാചാരങ്ങൾ പാലിക്കാൻ ഭരണഘടനയുടെ 25 ആം അനുച്ഛേദം നൽകുന്ന ഉറപ്പിന്റെ ലംഘനമാണ് ഹിജാബ് നിരോധനം. ഈ നിരോധനം ബഹുസ്വരതയ്ക്കും, എല്ലവരെയും ഉൾക്കൊള്ളുക എന്ന നയത്തിനും എതിരാണെന്നും ഹർജിയിൽ പറയുന്നു.