ജനങ്ങൾക്ക് കൈത്താങ്ങായി കേന്ദ്ര സർക്കാർ; സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടാൻ തീരുമാനം

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്ന് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ആറ് മാസത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. മാർച്ച് 31 ന് പദ്ധതിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് പുതിയ നടപടി.

പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന എന്ന പേരിലാണ് കോവിഡ് വൈറസ് വ്യാപനത്തിന്റെ കാലഘട്ടത്തിൽ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ആരംഭിച്ചത്. മുൻഗണനാ വിഭാഗങ്ങളിൽ ഉൾപ്പെട്ട കുടുംബത്തിലെ ഒരാൾക്ക് 5 കിലോ ഭക്ഷ്യ ധാന്യമാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുന്നത്. 10 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യവിതരണ പദ്ധതിയാണ് മഹാമാരിയുടെ സമയത്ത് ഇന്ത്യ നടപ്പിലാക്കിയതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

പദ്ധതിയിലൂടെ 19 മാസം കൊണ്ട് 80 കോടി ജനങ്ങൾക്കാണ് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തത്. ഉത്തർപ്രദേശിൽ മാത്രം 14.72 കോടി ജനങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കളായെന്നും കണക്കുകൾ വ്യക്തമാക്കുന്നു.