2020-21 സാമ്പത്തിക വര്‍ഷത്തെ കുടുംബശ്രീ-ദേശീയ നഗര ഉപജീവനമിഷന്‍ സ്പാര്‍ക്ക് റാങ്കിംഗില്‍ ആദ്യമായി ഒന്നാംസ്ഥാനം കരസ്ഥമാക്കി കേരളം. 20 കോടി രൂപയാണ് സമ്മാനത്തുക. കേരളത്തിന്റെത് എടുത്തു പറയത്തക്ക നേട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലാ കുടുംബശ്രീ പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നതിനൊപ്പം കൂടുതല്‍ മികവോടെ മുന്നോട്ട് പോകാന്‍ ഈ പുരസ്‌കാരം പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നതായി മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘ദേശീയ നഗര ഉപജീവനമിഷന്‍ സ്പാര്‍ക്ക് റാങ്കിംഗില്‍ കേരളം ഒന്നാം സ്ഥാനത്തെത്തിയത് എടുത്തു പറയത്തക്ക നേട്ടമാണ്. ആദ്യമായാണ് കേരളം സ്പാര്‍ക്ക് റാങ്കിംഗില്‍ ഒന്നാമതെത്തുന്നത്. നഗരദരിദ്രരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ദേശീയ നഗര ഉപജീവനമിഷന്‍ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത് കുടുംബശ്രീ മിഷനാണ്. നഗരസഭകളുടേയും കുടുംബശ്രീ സംവിധാനത്തിന്റേയും സഹകരണത്തോടെ 93 നഗരസഭകളിലും 2015 മുതല്‍ പദ്ധതി നടപ്പിലാക്കി വരുന്നുണ്ട്.
പദ്ധതി നിര്‍വ്വഹണത്തിന്റെ മികവ് പരിഗണിച്ച് കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ദേശീയ തലത്തില്‍ എല്ലാ വര്‍ഷവും സംസ്ഥാനങ്ങള്‍ക്ക് സ്പാര്‍ക്ക് റാങ്കിംഗ് അവാര്‍ഡുകള്‍ നല്‍കിവരുന്നുണ്ട്. 2020-21 സാമ്പത്തിക വര്‍ഷത്തെ സ്പാര്‍ക്ക് റാങ്കിംഗിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. കുടുംബശ്രീ ഏറ്റെടുത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരം. എല്ലാ കുടുംബശ്രീ പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നതിനൊപ്പം കൂടുതല്‍ മികവോടെ മുന്നോട്ട് പോകാന്‍ ഈ പുരസ്‌കാരം പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു’.

