പാരസെറ്റമോൾ ഉൾപ്പെടെ എണ്ണൂറിലധികം അവശ്യമരുന്നുകളുടെ വില ഉയരും; വർധനവ് ഏപ്രിൽ 1 മുതൽ

ന്യൂഡൽഹി: എണ്ണൂറിലധികം അവശ്യമരുന്നുകളുടെ വില വർധിക്കുന്നു. പാരസെറ്റമോൾ ഉൾപ്പെടെയുള്ള മരുന്നുകളുടെ വിലയാണ് ഏപ്രിൽ ഒന്നു മുതൽ വർധിക്കുന്നത്. 10.7 ശതമാനം വർധനയാണ് വിലയിൽ ഉണ്ടാകുക. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

പനി, അലർജി, ഹൃദ്രോഗം, ത്വക്ക് രോഗം, വിളർച്ച എന്നിവയ്ക്ക് നൽകി വരുന്ന അസിത്രോമൈസിൻ, സിപ്രോഫ്ലോക്സാസിൻ ഹൈഡ്രോക്ലോറൈഡ്, മെട്രോനിഡാസോൾ തുടങ്ങിയ മരുന്നുകളും വില വർധിക്കുന്ന മരുന്നുകളുടെ പട്ടികയിലുണ്ട്.

വെള്ളിയാഴ്ചയാണ് ഡ്രഗ് പ്രൈസിംഗ് അതോറിറ്റി മരുന്നുകളുടെ വില വർധിപ്പിക്കാൻ അനുമതി നൽകിയത്. മൊത്ത വില സൂചികയുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ 10.7 ശതമാനം വരെ വിലവർദ്ധന നടപ്പാക്കാൻ ശുപാർശ ചെയ്തിട്ടുള്ളത്. വിഷത്തിൽ വാണിജ്യ മന്ത്രാലയവുമായി ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് മരുന്നുകളുടെ വില വർധനയുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഉണ്ടായത്.