എന്തു ഭക്ഷണം കഴിച്ചാലും ഉടൻ വയറിനു പ്രശ്നമുണ്ടാകുക, അൽപം ഭക്ഷണം കഴിക്കുമ്പോഴേ വയർ നിറഞ്ഞതായി തോന്നുക, വയർ എരിച്ചിൽ, വേദന തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടുന്നവരാണ് നമ്മളിൽ പലരും. തുടർച്ചയായുണ്ടാകുന്ന ദഹനപ്രശ്നങ്ങൾ ദൈനംദിന ജീവിതത്തെ ബാധിക്കാം. ഇതിന് പരിഹാരമായി പതിവായി മരുന്നുകൾ കഴിക്കുന്നത് മറ്റ് സങ്കീർണതകൾക്കും വഴിവെയ്ക്കും. നല്ല ദഹനം നടക്കാൻ ധാരാളം വെള്ളം കുടിക്കേണ്ടത് പ്രധാനമാണ്.
പോഷകങ്ങൾ ആഗിരണം ചെയ്യാനും ദഹനവ്യവസ്ഥയിലൂടെ ഭക്ഷണവും മാലിന്യങ്ങളും നീക്കാനും ജലാംശം ഉറപ്പാക്കാനും ദ്രാവകങ്ങൾ സഹായിക്കുന്നു. ഹെർബൽ ടീ, ജ്യൂസുകൾ തുടങ്ങിയ വിവിധ പാനീയങ്ങൾ ശരീരത്തിൽ ദഹനത്തിന് ആരോഗ്യപരമായ ആഘാതം ഉണ്ടാക്കുമെന്നത് ശരിയാണെങ്കിലും, അവ വെള്ളത്തിന് പകരമായി ഉപയോഗിക്കരുത്. കൂടാതെ, മധുരമുള്ള പാനീയങ്ങളുടെ അമിതമായ ഉപയോഗം ഒഴിവാക്കാനും ശ്രദ്ധിക്കണം. ദഹനവ്യവസ്ഥയെ ക്രമീകരിക്കാൻ വ്യായാമം ചെയ്യുന്നതും നല്ലതാണ്.
ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്തുന്നതിന് നാരുകൾ, പ്രോട്ടീൻ, മറ്റ് അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമായ ഭക്ഷണക്രമം ശീലമാക്കുക. അമിതമായ പഞ്ചസാര, ഉപ്പ് എന്നിവ കഴിക്കുന്നത് ഒഴിവാക്കുകയും വേണം.

