സ്വിസ് ഓപ്പണ്‍: സിന്ധുവും പ്രണോയിയും ഫൈനലില്‍

സ്വിസ് ഓപ്പണ്‍ 2022 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ പിവി സിന്ധുവും സഹതാരം എച്ച്എസ് പ്രണോയിയും ഫൈനലിലെത്തി.

തായ്ലന്‍ഡിന്റെ സുപനിദ കാറ്റേത്തോങ്ങിനെതിരെ കടുത്ത പോരാട്ടത്തിനൊടുവില്‍ സിന്ധു വനിതാ സിംഗിള്‍സ് ഫൈനലില്‍ പ്രവേശിച്ചു. സെന്റ് ജാക്കോബ്ഷാലെ അരീനയില്‍ ഒരു മണിക്കൂറും 19 മിനിറ്റും നീണ്ടുനിന്ന സെമി ഫൈനല്‍ മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യന്‍ 21-18, 15-21, 21-19 എന്ന സ്‌കോറിനാണ് കറ്റെത്തോങ്ങിനെ പരാജയപ്പെടുത്തിയത്. ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ ഏഴാം സ്ഥാനത്തുള്ള ഇന്ത്യന്‍ എയ്സിന് ആദ്യ ഗെയിമില്‍ 29-ാം റാങ്കുകാരിയായ സുപനിദ കാറ്റേത്തോങ്ങില്‍ നിന്ന് ശക്തമായ വെല്ലുവിളി നേരിട്ടു. എന്നാല്‍ സിന്ധുവിന്റെ ശക്തമായ സ്മാഷുകളും കാറ്റേതോങ്ങിന്റെ ചില അനാവശ്യ പിഴവുകളും ഓപ്പണറെ കീഴടക്കാന്‍ സിന്ധുവിനെ സഹായിച്ചു.

അതേസമയം, പുരുഷന്മാരുടെ സിംഗിള്‍സ് സെമിയില്‍, എച്ച്എസ് പ്രണോയ് ടോക്കിയോ 2020 വെങ്കല മെഡല്‍ ജേതാവ് ഇന്തോനേഷ്യയുടെ ആന്റണി ഗിന്റിങ്ങിനെതിരെ വിജയം രേഖപ്പെടുത്തി, 2017 ന് ശേഷമുള്ള തന്റെ ആദ്യ വേള്‍ഡ് ടൂര്‍ ഇവന്റ് ഫൈനലിലാണ് താരം എത്തിയിരിക്കുന്നത്. സ്‌കോര്‍ 21-19, 19-21, 21-18.