കണ്ണൂർ: സിൽവർ ലൈൻ പദ്ധതിയിൽ കല്ലിടുന്നത് റവന്യു വകുപ്പല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കല്ലിടുന്നത് കെ റയിൽ ആണെന്നും ഭൂമി ഏറ്റെടുക്കുമ്പോഴാണ് റവന്യൂ വകുപ്പിന് ചുമതലയെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക ആഘാത പഠന കല്ലിടലാണ് ഇപ്പോൾ നടക്കുന്നത്. ഡി പി ആറിന് അന്തിമ രൂപം ആയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിൽവർ ലൈനിൽ സിപിഐക്ക് എതിർപ്പുണ്ടെങ്കിൽ പറയേണ്ടത് സിപിഐ സെക്രട്ടറി ആണ്. മറ്റാരെങ്കിലും പറയുന്നത് തങ്ങൾ കാര്യമാക്കുന്നില്ല. സി പി ഐക്ക് എതിർപ്പുണ്ടങ്കിൽ അത് സി പി എമ്മിൽ അറിയിക്കാനുള്ള അവകാശം ഇപ്പോൾ ഉണ്ട്. സംസ്ഥാനത്ത് കെ റെയിലിന് എതിരായ ബിജെപി ജാഥയെ സ്വീകരിക്കാൻ മുസ്ലീം ലീഗ് നേതാവ് പോകുന്നു. വടകരയിലെ പഴയ കോലീബി സഖ്യം സംസ്ഥാനത്ത് വീണ്ടും രൂപപ്പെട്ടു എന്നത് ഇതിൽ നിന്ന് വ്യക്തമാണ്. അവിശുദ്ധ കൂട്ടുകെട്ടാണ് ഇപ്പോൾ രൂപപ്പെടുന്നത്. ഇതിന്റെ ഭാഗമായാണ് ബിജെപി പദയാത്രയിൽ ലീഗ് നേതാവ് പങ്കെടുക്കുന്നത്. സിൽവർ ലൈൻ പ്രതിഷേധവും ഇതിന്റെ ഭാഗമാണ്. കെ റെയിൽ കല്ലിടുന്നതിൽ അവ്യക്തതയില്ല, ഇപ്പോൾ കല്ലിടുന്നത് കെ റെയിൽ കോർപറേഷൻ ആണ്. റവന്യൂ നടപടി സാമൂഹ്യാഘാത പഠനത്തിന് ശേഷമാണ്. നഷ്ടപരിഹാരം നൽകിയ ശേഷമേ ഭൂമി സർക്കാർ ഏറ്റെടുക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

