മിക്കവരെയും അലട്ടുന്ന ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് അസിഡിറ്റി. ഭക്ഷണം കഴിച്ചയുടൻ അനുഭവപ്പെടുന്ന നെഞ്ചെരിച്ചിൽ, വയറെരിച്ചിൽ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങൾ. ചിലരിൽ വയറ് വേദനയും അനുഭവപ്പെടുന്നു. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇത് വലിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴി വെയ്ക്കും. ജീവിതശൈലിയിൽ ഉണ്ടായ മാറ്റങ്ങളും, ഭക്ഷണരീതിയിൽ വരുന്ന മാറ്റങ്ങളും, മാനസിക സംഘർഷവുമൊക്കെ അസിഡിറ്റിക്ക് കാരണമായേക്കാം. അസിഡിറ്റിയെ തടയാൻ ഭക്ഷണ കാര്യത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുക എന്നതാണ് അസിഡിറ്റിയെ തടയാൻ ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം. കൂടാതെ കഴിക്കുന്ന ഭക്ഷണത്തിനിടയിലുളള ഇടവേളകൾ ചുരുക്കാനും ശ്രദ്ധിക്കണം. ഒരുപാട് ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കി ഇടയ്ക്കിടയ്ക്ക് പഴങ്ങളും നട്‌സുമൊക്കെ കഴിക്കാൻ ശ്രദ്ധിക്കണം. ഭക്ഷണത്തിന് അരമണിക്കൂർ മുമ്പോ അരമണിക്കൂറിന് ശേഷമോ വെള്ളം കുടിക്കണം. ദഹനം എളുപ്പത്തിലാക്കുന്നതിലും ആസിഡ് ഉത്പാദനത്തിന്റെ വ്യതിയാനം ക്രമപ്പെടുത്തുന്നതിനും വെള്ളം കുടിക്കുന്നത് ഉത്തമമാണ്.
എണ്ണയും കൊഴുപ്പും എരുവും നിറഞ്ഞ ഭക്ഷണങ്ങൾ ഒഴിവാക്കി പകരം ധാരാളം നാരടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാൻ ശ്രദ്ധിക്കണം. അതേസമയം, ആസിഡ് അടങ്ങിയ ഓറഞ്ച്, നാരങ്ങ മുതലായ പഴങ്ങൾ അധികം കഴിക്കാതിരിക്കുന്നതാണ് അസിഡിറ്റിയുള്ളവർക്ക് നല്ലത്. ഭക്ഷണം കഴിച്ചയുടനുളള ഉറക്കം ഒഴിവാക്കണം. രാത്രി ഏറെ നേരം വൈകി ഭക്ഷണം കഴിക്കുന്നതും ദഹനം വളരെ പതുക്കെയാകാൻ കാരണമാകും.

