മുംബയ്: ഐപിഎല്ലിന്റെ ഇത്തവണത്തെ പരസ്യ വരുമാനം ആയിരം കോടിക്ക് മുകളില്‍. കളികളുടെ ബ്രോഡ്കാസ്റ്റിംഗ് അവകാശം വിറ്റ് ലഭിക്കുന്ന തുകക്ക് പുറമേയാണ് ഇത്ര വലിയ സംഖ്യ ബിസിസിഐക്ക് ലഭിക്കുന്നത്. 2008ല്‍ ഐപിഎല്‍ ആരംഭിച്ചതിന് ശേഷം ആദ്യമായിട്ടാണ് ബിസിസിഐക്ക് ഇത്രയും വലിയ തുക സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിക്കുന്നത്.
മുഖ്യ സ്‌പോണ്‍സര്‍ഷിപ്പിലൂടെയും, സ്‌പോണ്‍സര്‍മാരിലുണ്ടായ വര്‍ധനവിലൂടെയുമാണ് പ്രധാനമായും ബിസിസിഐക്ക് ഇത്തവണ പരസ്യ വരുമാനം ലഭിക്കുന്നത്. കഴിഞ്ഞ കൊല്ലം സ്‌പോണ്‍സര്‍ ആയിരുന്ന വിവോയ്ക്ക് പകരമായി ഇക്കൊല്ലം ടാറ്റ എത്തിയിരുന്നു. വിവോ 400 കോടി വച്ചാണ് പ്രതിവര്‍ഷം നല്‍കിയിരുന്നതെങ്കില്‍ ടാറ്റ 335 കോടിയാണ് നല്‍കുക. മുഖ്യ സ്‌പോണ്‍സര്‍ഷിപ്പില്‍ ഇത്രയേറെ തുകയുടെ കുറവ് വന്നിട്ടും അത് മറികടക്കാന്‍ ബിസിസിഐക്ക് സാധിച്ചത് ഇക്കൊല്ലം സ്‌പോണ്‍സര്‍മാരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവാണ്.
ഇതിന് പുറമേ പണമിടപാട് ആപ്ലിക്കേഷനായ റുപേയുമായി 42 കോടിയുടെ കരാറും, സ്വിഗ്ഗി ഇന്‍സ്റ്റാസ്മാര്‍ട്ടുമായി 44 കോടി രൂപയുടെ കരാറും ബിസിസിഐ ഇത്തവണ രൂപീകരിച്ചിരുന്നു. കൂടാതെ മറ്റ് ചില സ്‌പോണ്‍സര്‍മാരെയും കണ്ടെത്തിയതിനാലാണ് 800 കോടിക്കു മേലെ തുക കണ്ടെത്താന്‍ ബിസിസിഐക്ക് സാധിക്കുന്നത്. കരാറില്‍ നിന്ന് പിന്മാറുന്നതിന് പകരമായി ഇക്കൊല്ലത്തെ ഐപിഎല്ലിന് 484 കോടിയും അടുത്ത കൊല്ലത്തെ ഐപിഎല്ലിന് 512 കോടി രൂപ വിവോയും ബിസിസിഐക്ക് നല്‍കേണ്ടി വരും.

