ബസ് സമരത്തിന് പിന്നിലെ ലക്ഷ്യം മറ്റ് ചിലത്; സമരം പിൻവലിക്കാൻ ബസുടമകൾ തയാറാകണമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: സ്വകാര്യ ബസ് പണിമുടക്കുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് പിടിവാശികളൊന്നും ഇല്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. മന്ത്രിയുടെ പിടിവാശികൊണ്ടാണ് പണിമുടക്കിലേക്ക് പോകേണ്ടി വന്നതെന്ന ബസുടമകളുടെ ആരോപണത്തിന് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ബസ് സമരത്തിന് പിന്നിലെ ലക്ഷ്യം മറ്റ് ചിലതാണെന്ന് അദ്ദേഹം ആരോപിച്ചു. ചില നേതാക്കളുടെ സ്ഥാപിത താത്പര്യമാണ് സമരത്തിന് കാരണമെന്നും സമരം പിൻവലിക്കാൻ ബസുടമകൾ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമരം ചെയ്യുന്ന സ്വകാര്യ ബസ് ഉടമകൾക്കാണ് പിടിവാശി. ബസ് നിരക്ക് പ്രഖ്യാപനം വരാതെ സമരം പിൻവലിക്കില്ലെന്ന നിലപാടിലാണ് സംഘടനകൾ. ബസ് ഉടമകളുടേത് എടുത്തുചാട്ടമാണെന്നും അവസാനത്തെ സമര മാർഗമാണ് ആദ്യംതന്നെ എടുത്തതെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം, ബസ് നിരക്ക് കൂട്ടിയെന്ന പ്രഖ്യാപനം നടപ്പാക്കാതെ സമരം പിൻവലിക്കില്ലെന്നാണ് ബസ് ഉടമകളുടെ നിലപാട്. സമരം തുടരുമെന്ന് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ അറിയിച്ചു. ചർച്ചയ്ക്ക് വിളിക്കാൻ സർക്കാർ തയാറായിട്ടില്ലെന്ന് ജനറൽ സെക്രട്ടറി ടി.ഗോപിനാഥ് വ്യക്തമാക്കി.

സർക്കാരിനോട് യുദ്ധം പ്രഖ്യാപിക്കുന്ന സമീപനമെന്ന ഗതാഗത മന്ത്രിയുടെ പരാമർശം പ്രതിഷേധാർഹമാണ് നിരക്ക് കൂട്ടാൻ തീരുമാനിച്ചെന്ന് പറഞ്ഞാൽ മാത്രം പോര. നടപ്പാക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.