തിരുവനന്തപുരം: ദ്വിദിന ദേശീയ പണിമുടക്കിൽ സിനിമ മേഖലയ്ക്ക് മാത്രമായി ഇളവുകൾ നൽകാൻ കഴിയില്ലെന്ന് സംയുക്ത തൊഴിലാളി യൂണിയൻ. ദേശീയ പണിമുടക്ക് ഒരു വർഷം മുൻപ് പ്രഖ്യാപിച്ചതാണെന്നും ടൂറിസം മേഖലയിൽ ഉൾപ്പടെ സമരത്തെക്കുറിച്ച് ബോധ്യപ്പെടുത്തി മുന്നോട്ട് പോകുകയാണെന്നും തൊഴിലാളി യൂണിയൻ നേതാക്കളായ വി ആർ പ്രതാപനും സി ജയൻബാബുവും വ്യക്തമാക്കി.
പൊതു പണിമുടക്കിൽ നിന്ന് സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളെ ഒഴിവാക്കണമെന്നായിരുന്നു തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആവശ്യപ്പെട്ടിരുന്നത്. കോവിഡ് വൈറസ് വ്യാപനത്തിനുശേഷം തിയേറ്ററുകൾ പൂർണമായി തുറന്ന വരുന്ന സമയമാണിതെന്നും പ്രതിസന്ധിയിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന തീയേറ്റർ വ്യവസായത്തിന് ഇതു തിരിച്ചടിയാകുമെന്നുമായിരുന്നു ഫിയോക്ക് അറിയിച്ചിരുന്നത്.
അതേസമയം, ദേശീയ പണിമുടക്കിൽ നിന്നും സിനിമ മേഖലയെ ഒഴിവാക്കണമെന്നും ഷൂട്ടിംഗ് നടത്താൻ അനുമതി തരണമെന്നും മറ്റു ചലച്ചിത്ര സംഘടനകളും ആവശ്യപ്പെട്ടിരുന്നു. മാർച്ച് 28, 29 തീയതികളിലാണ് പൊതുപണിമുടക്ക് നടത്തുക.

