അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിച്ച ശേഷം ചൈന സന്ദർശിക്കാം; അജിത് ഡോവൽ

ന്യൂഡൽഹി: ഇന്ത്യ – ചൈന അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിച്ച ശേഷം ചൈന സന്ദർശിക്കാമെന്ന് അജിത് ഡോവൽ. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ വെച്ച് അജിത് ഡോവലിനെ വാങ് യീ ചൈനയിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് മറുപടി നൽകവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം നല്ല രീതിയിൽ മുമ്പോട്ട് കൊണ്ടുപോകാൻ തടസ്സങ്ങളുണ്ടെങ്കിൽ ഒഴിവാക്കണം. ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതിർത്തിയിൽ കടന്നുകയറിയ മേഖലകളിൽ നിന്ന് പിൻവാങ്ങണമെന്ന് ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ചൈനീസ് വിദേശകാര്യമന്ത്രിയുടെ ഇന്ത്യൻ സന്ദർശനം മുൻകൂട്ടി പ്രഖ്യാപിക്കാൻ ചൈനയ്ക്ക് താൽപര്യമില്ലായിരുന്നുവെന്ന് വിദേശകാര്യമന്ത്രി ഡോ. എസ് ജയ് ശങ്കർ അറിയിച്ചു. അതിർത്തിയിലെ സാഹചര്യങ്ങൾ വളരെ ഏറെ കലുഷിതമാണ്. അവിടെ നിന്ന് സേനയുടെ പിന്മാറ്റം അത്യാവശ്യമാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലല്ല എന്ന് ഇന്ത്യ ചൈനയെ അറിയിച്ചു. അത് സാധാരണ നിലയിലേക്കാകണമെങ്കിൽ സേനാ പിന്മാറ്റം പൂർണമായാൽ മാത്രമേ നടക്കുകയുള്ളൂ എന്നാണ് ഇന്ത്യ ചൈനയോട് അറിയിച്ചിരിക്കുന്നത്. ഇതിന് സമയപരിധി വെക്കാനുള്ള ആവശ്യം നിലവിലില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.