തിരുവനന്തപുരം: വനംവകുപ്പിനെതിരെ ആരോപണങ്ങളുമായി വാവാ സുരേഷ്. പാമ്പുപിടിത്തം വനവകുപ്പ് ഉദ്യോഗസ്ഥർ തടസ്സപ്പെടുത്തുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. തനിക്ക് എതിരായ നീക്കത്തിന് പിന്നിൽ ചില വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നും അദ്ദേഹം ആരോപിച്ചു.
തനിക്കെതിരെ ഒരു വാട്ട്സ് ആപ്പ് ഗ്രൂപ്പു തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. താൻ പാമ്പുകടിയേറ്റ് കിടന്ന സമയത്ത് ഒരു വ്യക്തി ചർച്ചയിൽ വന്ന് തനിക്കെതിരെ സംസാരിച്ചു. കടിയേൽക്കുന്നതിന് മുൻപേ പത്തനംതിട്ട, റാന്നി, കോന്നി മേഖലകളിൽ നിന്നൊക്കെ ആളുകൾ വിളിച്ചു പാമ്പു പിടിക്കുന്നുണ്ടായിരുന്നു. കടിയേറ്റ് ആശുപത്രിയിൽനിന്ന് ഇറങ്ങിയ ശേഷം ഒരു കോളും എന്നെ വിളിക്കരുത് എന്ന രീതിയിലേക്ക് ആരൊക്കെയോ പറഞ്ഞിട്ടുണ്ട്. അതെന്തായാലും പുറത്തുനിന്ന് ഒരാളും പറയാനുള്ള സാധ്യത കാണുന്നില്ല. ലോക്കലായുള്ള ഒരാൾ പറഞ്ഞാൽ അവിടുത്തെ ജനങ്ങളോ അധികാരികളോ അംഗീകരിക്കാൻ സാധ്യതയും കാണുന്നില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിച്ചു.
ഇപ്പോൾ ആശുപത്രിയിൽ നിന്ന് ഇറങ്ങിയ സമയത്ത്, എട്ടോ പത്തോ കിങ് കോബ്രകളെ പിടിക്കാൻ തന്നെ വിളിച്ചില്ല. പകരമായി കോട്ടയത്തു നിന്നും ഇടുക്കിയിൽ നിന്നുമൊക്കെ ആളുകളെ വിളിച്ചുകൊണ്ടുവന്നു പിടിച്ചു. സുരേഷിനെ വിളിക്കേണ്ടെന്ന് മുകളിൽ നിന്ന് പറഞ്ഞിട്ടുള്ളതായി അവിടുത്തെ ആളുകൾ തന്നെ വിളിച്ചു പറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
പാമ്പിനെ പിടിക്കുന്ന കുറച്ചുപേരുടെ ഒരു വാട്ട്സ് ആപ്പ് കൂട്ടായ്മയുണ്ട്. വാവാ സുരേഷ് ഇനി പാമ്പിനെ പിടിക്കില്ലെന്ന് രണ്ടുവർഷം മുൻപേ അതിൽ ചാറ്റ് വന്നതിന്റെ സ്ക്രീൻ ഷോട്ട് തനിക്ക് ഒരാൾ അയച്ചു തന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

