ന്യൂഡല്‍ഹി: ‘കശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ കെജ്രിവാളിനെ ‘അര്‍ബന്‍ നക്സലെന്ന്’ വിശേഷിപ്പിച്ച് ബി ജെ പി നേതാവ് അമിത് മാളവ്യ. ചിത്രത്തിന് നികുതി ഒഴിവാക്കുന്നതിന് പകരം നിര്‍മാതാക്കള്‍ സിനിമ യുട്യൂബില്‍ അപ്ലോഡ് ചെയ്താല്‍ എല്ലാവര്‍ക്കും സൗജന്യമായി കാണാമല്ലോ എന്നായിരുന്നു കെജ്രിവാള്‍ പറഞ്ഞത്. ഇതിന് പിന്നാലെ ബിജെപി നേതാക്കള്‍ ഡല്‍ഹി മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതേ സാഹചര്യത്തിലാണ് അമിത് മാളവ്യ ട്വിറ്ററിലൂടെ കെജ്രിവാളിനെതിരെ രംഗത്തെത്തിയത്.
‘നില്‍ ബട്ടേ സാന്റ, സാന്‍ഡ് കി ആംഖ് എന്നീ ചിത്രങ്ങള്‍ യു ട്യൂബില്‍ ഇടാന്‍ എന്തുകൊണ്ട് കെജ്രിവാള്‍ പറഞ്ഞില്ല? എന്തുകൊണ്ട് ഡല്‍ഹിയില്‍ നികുതി ഒഴിവാക്കി? കശ്മീര്‍ ഫയല്‍സ് ഹിന്ദുക്കളുടെ വംശഹത്യയെ കുറിച്ചുള്ളതായതിനാല്‍ ഈ അര്‍ബന്‍ നക്സലിന് വയറു വേദന വരികയാണ്. നിര്‍ദയനും ക്രൂരനും മ്ലേഛമായ മനസ്സുള്ളയാള്‍ക്കും മാത്രമേ കശ്മീരി ഹിന്ദുക്കളുടെ വംശഹത്യയില്‍ ചിരിക്കാന്‍ സാധിക്കൂ. കശ്മീര്‍ ഫയല്‍സ് വ്യാജ ചിത്രമാണെന്ന് പറഞ്ഞതിലൂടെ 32 കൊല്ലമായി സ്വന്തം രാജ്യത്ത് അഭയാര്‍ഥികളായി കഴിയാന്‍ നിര്‍ബന്ധിതരായ ഹിന്ദുസമൂഹത്തിന്റെ മുറിവുകളെ കെജ്രിവാള്‍ കീറിമുറിച്ചു’- മാളവ്യ ട്വീറ്റ് ചെയ്തു.
കശ്മീര്‍ ഫയല്‍സിന്റെ വിനോദ നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എമാര്‍ നിയമസഭയയില്‍ ബഹളമുണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ചിത്രം യൂട്യൂബില്‍ അപ്ലോഡ് ചെയ്യാന്‍ കെജ്രിവാള്‍ പറഞ്ഞത്.

