ഉത്തർപ്രദേശിലെ മദ്രസകളുടെ പ്രവർത്തനങ്ങളിൽ മാറ്റം; ഈശ്വര പ്രാർത്ഥനക്കൊപ്പം ദേശീയ ഗാനവും ആലപിക്കും

ലക്നൗ: ഉത്തർപ്രദേശിലെ മദ്രസകളുടെ പ്രവർത്തനങ്ങളിൽ മാറ്റം. ഇനി മുതൽ മദ്രസകളിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ദേശീയ ഗാനം ആലപിക്കണമെന്നാണ് നിർദ്ദേശം. കഴിഞ്ഞ ദിവസം ചേർന്ന യുപി മദ്രസ എജ്യുക്കേഷൻ ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

അടുത്ത അദ്ധ്യയന വർഷം മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. രാവിലെയുള്ള ഈശ്വര പ്രാർത്ഥനയ്ക്കൊപ്പം ദേശീയ ഗാനവും ആലപിച്ചതിന് ശേഷം മാത്രമേ ക്ലാസുകൾ ആരംഭിക്കാവൂവെന്ന് അധികൃതർ നിർദ്ദേശിച്ചു. കുട്ടികളിൽ രാജ്യസ്നേഹം വളർത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ബോർഡ് വിശദമാക്കി.

എല്ലാ വർഷവും വാർഷിക പരീക്ഷ നടത്തും. പാഠ്യപദ്ധതിയിൽ ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സാമൂഹിക ശാസ്ത്രം, സയൻസ് എന്നീ വിഷയങ്ങളും ഉൾപ്പെടുത്താൻ തീരുമാനിച്ചു. മദ്രസകളിൽ ഇനി മുതൽ അദ്ധ്യാപകർക്ക് പ്രവേശനം നൽകുക വിദ്യാഭ്യാസ യോഗ്യതകളുടെ അടിസ്ഥാനത്തിലാകും. ടീച്ചേഴ്സ് എലിജിബിലിറ്റി പരീക്ഷ എഴുതി വിജയിക്കുന്നവരെ മാത്രമാകും ഇനി മുതൽ അദ്ധ്യാപക തസ്തികകളിലേക്ക് പരിഗണിക്കുകയെന്നും അധികൃതർ അറിയിച്ചു.