തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ രൂക്ഷ വിമർശനവുമായി മെട്രോമാൻ ഇ ശ്രീധരൻ. സർക്കാർ വൈകാതെ പദ്ധതി ഉപേക്ഷിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ പറയുന്ന പദ്ധതിയിൽ, പ്രഖ്യാപിച്ച സ്പീഡിൽ ട്രെയിൻ ഓടിച്ചാൽ വലിയ അപകടമുണ്ടാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പദ്ധതിയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നൽകില്ല. പദ്ധതിക്ക് അംഗീകാരം നൽകാതെ ഭൂമി ഏറ്റെടുക്കാൻ അനുവദിക്കരുതെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. പദ്ധതി ശരിയല്ലെന്ന് റയിൽവേ ബോർഡിന് നേരത്തെ അറിയാം.സാമൂഹികാഘാത പഠനത്തിന് കല്ലിടേണ്ട കാര്യമില്ല. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിൽവർ ലൈൻ പദ്ധതി 64000 കോടി രൂപയ്ക്ക് പൂർത്തിയാക്കാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. ബഫർ സോണിന് നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. ഇത് ബ്രിട്ടീഷ് കാലഘട്ടമല്ല. മണ്ണിലൂടെ സെമി സപീഡിൽ ട്രയിൻ ഓടിക്കാനാവില്ല. വേഗത 30 – 40 കിലോമീറ്ററിലേക്ക് ചുരുക്കേണ്ടി വരും. സർക്കാരിന് ഹിഡൻ അജണ്ടയുണ്ട്. എന്തോ ഒരു ഉടമ്പടിയിൽ സംസ്ഥാന സർക്കാർ പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് സെൻട്രൽ ലൈനാണ് ആവശ്യം. സിൽവർ ലൈനിന് കല്ലിടുന്നത് ഭൂമി ഏറ്റെടുക്കാൻ തന്നെയാണ്. സാമൂഹികാഘാത പഠനമെന്ന പേരിൽ കല്ലിടുന്നത് ഭൂമി ഏറ്റെടുക്കാനാണ്. സാമ്പത്തിക ചിലവ്, ഏറ്റെടുക്കേണ്ട ഭൂമി അങ്ങനെയുള്ള എല്ലാ കാര്യത്തിലും സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

