കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിര്‍ഭൂം കൂട്ടക്കൊലക്കേസ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തോട് സി.ബി.ഐക്ക് കൈമാറാന്‍ കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവ്. ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജസ്റ്റിസ് രാജര്‍ഷി ഭരദ്വാജ് എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഭാദു ഷെയ്ഖിന്റെ കൊലയ്ക്ക് തിരിച്ചടിയെന്നോണം ചൊവ്വാഴ്ച നടത്തിയ കൂട്ടക്കൊലയില്‍ എട്ടുപേരാണ് മരിച്ചത്. സ്ത്രീകളെയും കുട്ടികളെയും മര്‍ദിക്കുകയും ജീവനോടെ തീകൊളുത്തുകയുമായിരുന്നു.
കൂട്ടക്കൊലയില്‍ കോടതി ബുധനാഴ്ച സ്വമേധയാ കേസ് എടുത്തിരുന്നു. കേസ് അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറരുതെന്ന മമതാ ബാനര്‍ജി സര്‍ക്കാരിന്റെ അഭ്യര്‍ഥന തള്ളിക്കൊണ്ടാണ് കോടതിവിധി പുറപ്പെടുവിച്ചിരിക്കുന്നത്. അന്വേഷണ പുരോഗതിയെ കുറിച്ചുള്ള റിപ്പോര്‍ട്ട് ഏപ്രില്‍ ഏഴിന് സമര്‍പ്പിക്കാനും സി.ബി.ഐക്ക് കോടതി നിര്‍ദേശം നല്‍കി.

