കെ-റെയില്‍ കല്ലിടല്‍ നിര്‍ത്തി; പോലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് ഏജന്‍സി

സംസ്ഥാനത്ത് കെ-റെയില്‍ പദ്ധതിക്കായുള്ള കല്ലിടല്‍ നിര്‍ത്തി. കല്ലിടല്‍ നടപടിയില്‍ പോലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് കരാര്‍ ഏറ്റെടുത്ത ഏജന്‍സി ആവശ്യപ്പെട്ടു. വാഹനങ്ങള്‍ക്കും സര്‍വേ ഉപകരണങ്ങള്‍ക്കും സമരക്കാര്‍ കേടുപാടുകള്‍ വരുത്തുന്നു. വനിതകളടക്കമുള്ള ജീവനക്കാരേയും കൈയേറ്റം ചെയ്യുന്നു. ഇത്തരം സംഘര്‍ഷ പശ്ചാത്തലത്തില്‍ സര്‍വേ തുടരാന്‍ ബുദ്ധിമുട്ടാണെന്നും ഏജന്‍സി വ്യക്തമാക്കി.

എറണാകുളം ജില്ലയിലെ കല്ലിടല്‍ പോലീസ് സുരക്ഷ ഉറപ്പാക്കിയാലേ സര്‍വേ നടത്താനാകുവെന്ന് ഏജന്‍സി അറിയിച്ചതിനെ തുടര്‍ന്ന് നിര്‍ത്തി വെച്ചിട്ടുണ്ട്. ഇക്കാര്യം കെ-റയില്‍ അധികൃതരെ അറിയിച്ചു. ജില്ലയില്‍ 12 കിലോമീറ്റര്‍ മാത്രമേ ഇനി സര്‍വ്വേ പൂര്‍ത്തീകരിക്കാനുള്ളൂ. ചോറ്റാനിക്കര പിറവം കേന്ദ്രീകരിച്ചായിരുന്നു ഇന്ന് കെ റെയില്‍ കല്ലിടല്‍ നടക്കേണ്ടിയിരുന്നത്. ജനവാസമേഖലയിലാണ് കല്ലിടല്‍ തുടരേണ്ടത് എന്നതിനാല്‍ പ്രതിരോധിക്കാന്‍ ഉറച്ച് നില്‍ക്കുകയായിരുന്നു സമരസമിതി. കോണ്‍ഗ്രസ് അണിനിരന്നതിന് പിന്നാലെ ബിജെപിയും ഇന്ന് മുതല്‍ ചോറ്റാനിക്കരയില്‍ പ്രതിഷേധ സമരം ശക്തമാക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

അതേസമയം, വടക്കന്‍ കേരളത്തിലും ഇന്ന് സര്‍വ്വേ നടപടികളില്ല. കണ്ണൂരില്‍ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് തീരുന്നത് വരെ സര്‍വ്വേ നീട്ടി വെക്കാനും സാധ്യതയുണ്ട്.