ചലച്ചിത്ര മേളക്ക് ഇന്ന് കൊടിയിറക്കം

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തലസ്ഥാനത്ത് തിരശീല വീഴും. അന്താരാഷ്ട്ര മേളകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ചിത്രങ്ങള്‍ ഉള്‍പ്പടെ 173 സിനിമകള്‍ പ്രദര്‍ശിപ്പിച്ച മേളയുടെ സമാപന സമ്മേളനം മന്ത്രി കെ. എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ എഴുത്തുകാരന്‍ ടി പത്മനാഭന്‍ വിശിഷ്ടാതിഥിയാകും. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ചലച്ചിത്ര പുരസ്‌കാരങ്ങളും, സഹകരണ മന്ത്രി വി.എന്‍ വാസവന്‍ മാദ്ധ്യമ അവാര്‍ഡുകളും വിതരണം ചെയ്യും.

അഡ്വ.വി.കെ പ്രശാന്ത് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, ജൂറി ചെയര്‍മാന്‍ ഗിരീഷ് കാസറവള്ളി, നെറ്റ്പാക് ജൂറി ചെയര്‍പേഴ്‌സണ്‍ രശ്മി ദൊരൈസ്വാമി, ഫിപ്രസ്‌കി ജൂറി ചെയര്‍മാന്‍ അശോക് റാണെ, കെ.ആര്‍. മോഹനന്‍ എന്‍ഡോവ്മെന്റ് ജൂറി ചെയര്‍മാന്‍ അമൃത് ഗാംഗര്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ,ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, സെക്രട്ടറി സി.അജോയ്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് മേളയില്‍ സുവര്‍ണ്ണ ചകോരം നേടിയ ചിത്രം പ്രദര്‍ശിപ്പിക്കും

മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച പകുതി ചിത്രങ്ങളും ഒരുക്കിയത് വനിതാ സംവിധായകരായിരുന്നു. സ്പാനിഷ് ചിത്രം ‘കമീല കംസ് ഔട്ട് റ്റു നെറ്റ്’, നതാലിഅല്‍വാരിസ് മീസെന്‍ സംവിധാനം ചെയ്ത ‘ക്ലാരാ സോല’,ക്രോയേഷ്യന്‍ ചിത്രം ‘മ്യൂറീന’,ദിന അമീര്‍ സംവിധാനം ചെയ്ത ‘യു റീസെമ്ബിള്‍ മി’,കമീലാ ആന്റിനിയുടെ ‘യൂനി’ ,’കോസ്റ്റ ബ്രാവ ലെബനന്‍’ എന്നീ ചിത്രങ്ങള്‍ പ്രേക്ഷകര്‍ നിറഞ്ഞ കൈയടിയോടെ വരവേറ്റു. താരാ രാമാനുജം സംവിധാനം ചെയ്ത ‘നിഷിദ്ധോ’,കൃഷാന്ത് സംവിധാനം ചെയ്ത ‘ആവാസ വ്യൂഹം’ വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം ‘കൂഴങ്ങള്‍’, ‘ഐ ആം നോട്ട് ദി റിവര്‍ ഝലം’ എന്നീ ഇന്ത്യന്‍ മത്സര ചിത്രങ്ങളും മികച്ച പ്രേക്ഷക ശ്രദ്ധ നേടി. ബംഗാളി സംവിധായകനായ ബുദ്ധദേവ് ദാസ് ഗുപ്ത, നടന്‍ ദിലീപ് കുമാര്‍, ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ , മലയാളത്തിന്റെ അഭിമാനം കെ എസ് .സേതുമാധവന്‍, കെ പി എ സി ലളിത തുടങ്ങി എട്ടു ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് മേള ചിത്രാര്‍പ്പണം ഒരുക്കിയിരുന്നു.