കെ റെയിൽ വളരെ സങ്കീർണമായ പദ്ധതി; നടപ്പിലാക്കാൻ തിരക്ക് വേണ്ടെന്ന് കേന്ദ്ര റെയിൽവെ മന്ത്രി

ന്യൂഡൽഹി: കെ റെയിൽ വളരെ സങ്കീർണമായ പദ്ധതിയാണെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്. പദ്ധതി നടപ്പിലാക്കാൻ തിരക്ക് വേണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭയിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വളരെ ആലോചിച്ച് കേരളത്തിനോട് നീതി ചെയ്യുന്ന ഒരു തീരുമാനം ഇക്കാര്യത്തിൽ സ്വീകരിക്കും. പദ്ധതിയ്ക്ക് അനുമതി നൽകുന്ന കാര്യത്തിൽ ജനങ്ങളുടെ പ്രതിഷേധവും കൂടി കണക്കിലെടുക്കുമെന്നും കേന്ദ്ര റെയിൽവെ മന്ത്രി അറിയിച്ചു.

65,000 കോടി രൂപയുടെ എസ്റ്റിമേറ്റ് ആണ് കേരളം കാണിച്ചിരിക്കുന്നതെങ്കിലും അത് ഒരു ലക്ഷം കോടി കടക്കും. സിൽവർ ലൈൻ റെയിൽ പാതയിൽ മറ്റു ട്രെയിനുകൾ ഓടിക്കാൻ പറ്റില്ല. സ്റ്റാൻഡേർഡ് ഗേജിലാണ് നിർമ്മിക്കുകയെങ്കിൽ ബ്രോഡ്ഗേജ് വണ്ടികൾ ഓടിക്കാൻ പറ്റില്ല. വേറെയും കുറെ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പദ്ധതിയിൽ ആവാസ വ്യവസ്ഥയുടെ പ്രശ്നങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളുമുണ്ട്. ജനങ്ങളുടെ പ്രതിഷേധവുമുണ്ട്. വളരെ സംവേദനക്ഷമതയോടെ വ്യവസ്ഥാപിതമായി ശരിയായി ആലോചിച്ച് മുന്നോട്ടുപോകണം എന്നാണ് കേരളത്തിൽ നിന്നുള്ള എല്ലാ കക്ഷികളിലുംപ്പെട്ട സഹോദരങ്ങളോടുള്ള തന്റെ അപേക്ഷ. ഈ പദ്ധതിക്ക് തിരക്ക് കൂട്ടേണ്ട. കേന്ദ്ര സർക്കാർ എടുക്കുന്ന തീരുമാനം എന്താണെങ്കിലും അത് നീതിപൂർവകമാകും. മനസിൽ ഒരു സംശയവും വേണ്ട. കേന്ദ്രം നല്ലതും നീതിപൂർവകവുമായ ഒരു തീരുമാനം ഇക്കാര്യത്തിൽ സ്വീകരിക്കുമെന്നും ആ തീരുമാനം കേരളത്തിന്റെ താൽപര്യത്തിന് അനുസൃതമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.